ജിയോ ഫോണ്‍ ഉത്പാദനം നിർത്തുന്നു എന്ന വാർത്തകള്‍ നിഷേധിച്ച് ജിയോ. കഴിഞ്ഞ ദിവസമാണ് ചില ദേശീയ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ ഒന്നാം ഘട്ടത്തില്‍ ഫോണ്‍ ബുക്ക് ചെയ്തവര്‍ക്കുള്ള ഫോണുകള്‍ വിതരണം ചെയ്യുകയാണ് ഇത് കഴിഞ്ഞാല്‍ രണ്ടാംഘട്ടം ബുക്കിംഗ് ആരംഭിക്കും എന്നാണ് ജിയോ അറിയിക്കുന്നത്. ഏതാണ്ട് 60 ലക്ഷം ഫോണുകളാണ് ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. വന്‍ നഗരങ്ങളിലെ വിതരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ വിതരണം ചെറുനഗരങ്ങളില്‍ ആരംഭിച്ചതായി ജിയോ പറയുന്നു.

ഇപ്പോഴത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പല ആപ്ലികേഷന്‍സും ഇപ്പോഴത്തെ ജിയോ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല എന്നതാണ് ജിയോയെ ഫോണ്‍ ഉത്പാദനം നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത് എന്നായിരുന്നു വാര്‍ത്ത. പകരം ജിയോ ആന്‍ഡ്രോയ്ഡ് ഫോണ്‍ പരീക്ഷിക്കും എന്നും വാര്‍ത്തയുണ്ടായിരുന്നു. വാട്ട്സ്ആപ്പ് പോലുള്ള ജനപ്രിയ ആപ്പുകള്‍ ജിയോ ഫോണില്‍ പ്രവര്‍ത്തിക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ ഈ വാര്‍ത്ത ജിയോ നിഷേധിക്കുന്നു. 

തങ്ങളുടെ ഒഎസിന് വേണ്ടി ആപ്പുകളെ ഒപ്റ്റിമൈസ് ചെയ്യിക്കാന്‍ ആപ്പ് നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ജിയോ നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ സാക്ഷത്കരിക്കുക എന്നതാണ് ജിയോ ഫോണിന്‍റെ അത്യന്തിക ലക്ഷ്യം എന്നും ജിയോ പറയുന്നുണ്ട്.