സംസ്ഥാനത്തെ ശാസ്ത്ര ഗവേഷണ കണ്ടെത്തലുകളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള വിവിധ ധാരണപത്രങ്ങള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക ഗവേഷണ, വ്യവസായിക മേഖലകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടി നാളെ നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നടക്കുന്ന ഉച്ചകോടിയില്‍ സംസ്ഥാനത്തെ വിവിധ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളും പ്രമുഖ വ്യവസായ-സംരംഭക-സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളും അക്കാദമിക് സ്ഥാപനങ്ങളും പങ്കെടുക്കും. സംസ്ഥാനത്തെ ശാസ്ത്ര ഗവേഷണ കണ്ടെത്തലുകളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള വിവിധ ധാരണപത്രങ്ങളില്‍ വിവിധ ഗവേഷകരും സ്ഥാപനങ്ങളും സംരംഭകരും നിക്ഷേപകരും ഉച്ചകോടിയില്‍ വച്ച് ഒപ്പുവെക്കും.

ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍

ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്ത് ഏറെ മുന്‍തൂക്കമുള്ള കേരളത്തില്‍, ആഗോള നിലവാരമുള്ള കണ്ടെത്തലുകളെ വ്യാവസായികമായി പ്രയോജനപ്പെടുത്താന്‍ വേദിയൊരുക്കുകയാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഈ രംഗത്ത് ഗവേഷകര്‍ വ്യവസായികള്‍, നവസംരംഭകള്‍, നിക്ഷേപകര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനും കേരളത്തിന്‍റെ ഗവേഷണ-വ്യവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു. പുത്തന്‍ സാങ്കേതികവിദ്യകള്‍, പ്രോട്ടോടൈപ്പുകള്‍, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ അടങ്ങുന്ന ഗവേഷണ കണ്ടെത്തലുകള്‍ക്ക് വ്യാവസായിക പിന്തുണ നല്‍കാന്‍ ഉച്ചകോടിക്കാകും.

വിവിധ ഗവേഷണ പദ്ധതികളിലെ പ്രായോഗികവും വാണിജ്യസാധ്യതകളുള്ളതുമായ കണ്ടെത്തലുകള്‍ തിരിച്ചറിഞ്ഞ് സാധ്യമാകുന്ന എല്ലാ നിക്ഷേപ, നിര്‍മ്മാണ, വിതരണ പിന്തുണ നല്‍കുക ഉച്ചകോടി ലക്ഷ്യമിടുന്നു. ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രായോഗിക കണ്ടെത്തലുകളും സേവനപദ്ധതികളും വിവിധ രീതികളില്‍ തരംതിരിക്കുക, ഇത് താല്‍പ്പര്യമുള്ള പങ്കാളികളുമായി ചര്‍ച്ച ചെയ്യുക, ഉല്‍പ്പാദനത്തിന് സഹായകമാവുന്ന വിധം ഈ ഗവേഷണ ഫലങ്ങള്‍ ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കുക, ആഗോളവിപണിയിലേക്ക് ഇവയെ എത്തിക്കുക എന്ന വിധത്തിലാണ് ഉച്ചകോടി രൂപകല്‍പ്പന ചെയ്തത്.

ഉദ്ഘാടന സെഷനുശേഷം വിവിധ ഗവേഷണ പദ്ധതികളുടെയും കണ്ടെത്തലുകളുടെയും അവതരണങ്ങള്‍, വ്യവസായ സംരംഭ പ്രതിനിധികളുടെ ആശയകൈമാറ്റങ്ങള്‍, ബിസിനസ് ടു ബിസിനസ് മീറ്റിംഗുകള്‍, വിജയഗാഥകളുടെ അവതരണങ്ങള്‍, വിവിധ പാനല്‍ ചര്‍ച്ചകള്‍, ധാരണാ പത്രം ഒപ്പിടല്‍ എന്നിവ നടക്കും.

പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനും കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ബിസിനസ് ഇന്‍ക്യുബേറ്റേഴ്‌സ്, വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ പങ്കെടുക്കും. കെ എസ് ഐ ഡിസി, കെല്‍ട്രോണ്‍, ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, കെ-സ്‌പേസ്, കെഎസ്‌ഐടിഎല്‍, സ്റ്റാര്‍ട്ടപ്പുകള്‍, മിനിസ്ട്രി ഓഫ് സ്‌മോള്‍ ആന്‍ഡ് മീഡിയം എന്‍റര്‍പ്രൈസേഴ്‌സ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി യൂനിറ്റുകള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികള്‍ എന്നിവരാണ് വ്യവസായ മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. വ്യവസായ ഡയറക്‌ടേറ്റ്, ലൈന്‍ വകുപ്പുകള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ-ഡിസ്‌ക്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ്, ഐടി മിഷന്‍, കെഎസ്‌ഐടിഎല്‍, ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക്, കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം എന്നീ സ്ഥാപനങ്ങള്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News