മോസ്കോ: റസ്ലാന്‍ സൊകൊളോവ്‌സ്‌കി എന്ന റഷ്യക്കാരന്‍ പോക്കിമോന്‍ കളിച്ച് പുലിവാലുപിടിച്ചു. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റഷ്യയില്‍ കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു പള്ളിയില്‍ ഇരുന്ന് ഇദ്ദേഹം പോക്കിമോന്‍ ഗോ കളിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആരാധനാലയങ്ങളില്‍ പോക്കിമോന്‍ കളിച്ചാല്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തുമെന്ന് നേരത്തെ തന്നെ റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് വകവെക്കാതെ പള്ളിയില്‍ പോക്കിമോന്‍ കളിക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തത്.
ക്രിസ്ത്യന്‍പള്ളിയില്‍ പുരോഹിതര്‍ ഉള്ളപ്പോഴായിരുന്നു പോക്കിമോന്‍ കളി. വിഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. റഷ്യന്‍ ന്യൂസ് സൈറ്റായ മെഡൂസയാണ് സംഭവം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
