ഇലക്ട്രോണിക് സിഗരറ്റാണ് ഫോണില്‍ പുകവലി സാധ്യമാക്കുന്നത്. വേപോകാഡ് എന്ന അമേരിക്കന്‍ ഹൈടെക് കമ്പനിയാണ് ഫോണിലെ ഇലക്ട്രോണിക് സിഗരറ്റ് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്.

ജൂപ്പിറ്റര്‍ ഐഒ 3യ്ക്ക് രണ്ട് ബാറ്ററികളാണുള്ളത്. ആദ്യത്തെ ബാറ്ററിയാണ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. രണ്ടാമത്തെ ബാറ്ററി പുകവലിക്കാനുപയോഗിക്കുന്ന ദ്രാവകത്തെ പുകയാക്കി മാറ്റാന്‍ ഉപയോഗിക്കുന്നു.പുകവലിയില്‍ നിന്നു വിമുക്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫോണ്‍ സഹായമൊരുക്കും.

ഫോണിലുള്ള പ്രത്യേക ആപ്ലിക്കേഷനാണ് ഇതിനു സഹായിക്കുന്നത്. ആപ് ഉപയോഗിച്ച് പുകയ്ക്കാനുപയോഗിക്കുന്ന ദ്രാവകം അളവു കുറച്ച് കൂടുതല്‍ തവണ വലിക്കുന്ന രീതിയില്‍ ക്രമപ്പെടുത്താ ന്‍ സാധിക്കും. മറ്റ് ഇലക്ട്രോണിക് സിഗരറ്റുകളേപ്പോലെതന്നെ ഇതിലും പല രുചികളിലുള്ള ലിക്വിഡ് ഉപയോഗിക്കുവാന്‍ സാധിക്കും. കോഫി, പീച്ച്,മിന്റ് തുടങ്ങിയ ഫ്‌ളേവറുകളിലുള്ള ദ്രാവകമാണ് നിലവില്‍ ഇതില്‍ ഉപയോഗിക്കുന്നത്.

ഓരോ ഫ്‌ളേവറുമുപയോഗിച്ച് 800 തവണവരെ പുകയെടുക്കാം. ഇലക്ട്രോണിക് സിഗരറ്റുകള്‍ സാധാരണ സിഗരറ്റുകളേക്കാള്‍ ഹാനികരമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈയൊരു സാഹചര്യത്തില്‍ ഈ പ്രത്യേക സവിശേഷത ഉള്‍ക്കൊള്ളിച്ചിറക്കിയിരിക്കുന്ന ഫോണിന് പലരാജ്യങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തുവാനും സാധ്യതയുണ്ട്. 

എന്തായാലും ഈ ഫോണ്‍ ചെയിന്‍ സ്‌മോക്കറുമാര്‍ക്ക് ആശ്വാസമാകുമെന്നു തീര്‍ച്ചയാണ്. ഇന്ത്യയില്‍ ഈ ഫോണ്‍ വാണിജ്യ അടിസ്ഥാനത്തില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ കമ്പനി കാര്യമായ പ്രതികരണം നടത്തയിട്ടില്ല.