ഓപ്പണ്‍എഐയുടെ 'ചാറ്റ്‌ജിപിടി അറ്റ്‌ലസ്' എഐ ബ്രൗസറിന് 48 മണിക്കൂറിനകം മറുപടി നല്‍കിയിരിക്കുകയാണ് മറ്റൊരു ടെക് കമ്പനിയായ മൈക്രോ‌സോഫ്റ്റ്. എന്തൊക്കെയാണ് മൈക്രോ‌സോഫ്റ്റ് എഡ്‌ജിലെ പുതിയ കോപൈലറ്റ് മോഡിന്‍റെ പ്രത്യേകതകള്‍.

കാലിഫോര്‍ണിയ: എഐ വെബ് ബ്രൗസര്‍ രംഗത്ത് പോര് കൂടുതല്‍ മുറുകുന്നു. ഓപ്പണ്‍എഐ 'ചാറ്റ്‌ജിപിടി അറ്റ്‌ലസ്' എന്ന പേരില്‍ എഐ ബ്രൗസര്‍ അവതരിപ്പിച്ചതിന് രണ്ട് ദിവസങ്ങള്‍ക്ക് മാത്രം ശേഷം ഏതാണ്ട് സമാനമായ 'കോപൈലറ്റ് മോഡ്' എഡ്‌ജ് ബ്രൗസറില്‍ റീലോഞ്ച് ചെയ്‌തിരിക്കുകയാണ് മൈക്രോ‌സോഫ്റ്റ്. ജൂലൈ മാസം എഡ്‌ജില്‍ എഐ അസിസ്റ്റന്‍റ് എന്ന നിലയില്‍ കോപൈലറ്റ് മോഡ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ അപ്‌ഡേറ്റുകളും ഫീച്ചറുകളും മൈക്രോസോഫ്റ്റ് ഇതിലേക്ക് കൊണ്ടുവന്നു. പുത്തന്‍ കോപൈലറ്റ് മോഡ് എഡ്‌ജിനെ ഒരു പൂര്‍ണ എഐ കേന്ദ്രീകൃത ബ്രൗസറാക്കി മാറ്റുമെന്നാണ് മൈക്രോസോഫ്റ്റിന്‍റെ പ്രതീക്ഷ.

പുത്തന്‍ കോപൈലറ്റ് മോഡിന്‍റെ സവിശേഷതകള്‍

എഡ്‌ജ് ബ്രൗസറിലെ പുത്തന്‍ കോപൈലറ്റ് മോഡ്, ഇനി മുതല്‍ നിങ്ങളുടെ അനുമതിയോടെ ഓണ്‍ലൈന്‍ സെര്‍ച്ച് അനുഭവം മെച്ചപ്പെട്ടതാക്കി മാറ്റുമെന്നാണ് മൈക്രോസോഫ്റ്റിന്‍റെ പ്രഖ്യാപനം. ബ്രൗസര്‍ ഡാറ്റ സുരക്ഷിതമായിരിക്കുമെന്നും ഏത് നിമിഷം വേണമെങ്കിലും കോപൈലറ്റ് മോഡ് ഓണാക്കാനോ ഓഫാക്കാനോ കഴിയുമെന്നും പ്രസ്‌താവനയില്‍ മൈക്രോസോഫ്റ്റ് പറയുന്നു. എഡ്‌ജ് ബ്രൗസറില്‍ പുതിയ കോപൈലറ്റ് മോഡ് നിങ്ങള്‍ക്ക് ബ്രൗസിംഗിനിടെ അനവധി ടാബുകളുടെ ആലസ്യം ഒഴിവാക്കും. വിവരങ്ങള്‍ സംഗ്രഹിക്കുകയും താരതമ്യം ചെയ്‌ത് ഫലം തരികയും ചെയ്യും. ഒരു ഹോട്ടല്‍ ബുക്ക് ചെയ്യണമെങ്കിലോ, ഫോം പൂരിപ്പിക്കണമെങ്കിലോ എഡ്‌ജ് ഉപയോക്താക്കളെ കോപൈലറ്റ് സഹായിക്കുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. എന്നാല്‍ ഈ ടാസ്‌കുകള്‍ എല്ലാം ചെയ്യാന്‍ കോപൈലറ്റ് എഐ അസിസ്റ്റ് മോഡിന് എഡ്‌ജ് യൂസര്‍മാര്‍ അനുമതി നല്‍കണം.

ജൂലൈ മാസം കോപൈലറ്റ് മോഡ് വളരെ ചുരുക്കം, അതായത് പ്രാഥമികമായ എഐ ഫീച്ചറുകളോടെയായിരുന്നു മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. പുതിയ ടാബുകളില്‍ സെര്‍ച്ച് ബാര്‍, വോയിസ് മുഖാന്തിരമുള്ള നാവിഗേഷന്‍ എന്നിവയൊക്കെയായിരുന്നു ഈ എഐ ഫീച്ചറുകള്‍. എന്നാല്‍ ഈ കോപൈലറ്റ് മോഡിന് എഡ്‌ജ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ പ്രചാരണം ലഭിച്ചില്ല. അതിനാലാണ് കൂടുതല്‍ സവിശേഷതകള്‍ ചേര്‍ത്തുകൊണ്ട് കോപൈലറ്റ് മോഡ് പരിഷ്‌കരിക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായത്. ഓപ്പണ്‍എഐ രണ്ട് ദിവസം മുമ്പ് മാത്രം അവതരിപ്പിച്ച ചാറ്റ്‌ജിപിടി അറ്റ്‌ലസ് വെബ് ബ്രൗസറുമായി ഏറെ സാമ്യതകള്‍ രൂപത്തില്‍ പുത്തന്‍ കോപൈലറ്റ് എഐ അസിസ്റ്റ് മോഡിനുണ്ട്.

ഓപ്പണ്‍എഐയുടെ ചാറ്റ്‌ജിപിടി അറ്റ്‌ലസ്

ഗൂഗിള്‍ ക്രോം, പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റ് എന്നിവയ്‌ക്ക് നേരിട്ട് വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് 'ചാറ്റ്‌ജിപിടി അറ്റ്‌ലസ്' എന്ന പേരില്‍ പുത്തന്‍ എഐ വെബ് ബ്രൗസര്‍ അടുത്തിടെ ഓപ്പണ്‍എഐ പുറത്തിറക്കിയത്. ഇതില്‍ കോമറ്റ് അറ്റ്‌ലസ് പോലെതന്നെ എഐ ബ്രൗസറാണ്. നിലവില്‍ ഇന്‍റര്‍നെറ്റ് ബ്രൗസര്‍ വിപണി ഭരിക്കുന്നത് ഗൂഗിളിന്‍റെ ക്രോം ബ്രൗസറാണ്. ഏകദേശം 60 ശതമാനത്തിലധികം വിപണി വിഹിതം ക്രോമിനുണ്ട്. 300 കോടിയിലധികം യൂസര്‍മാരാണ് ക്രോമിന് കണക്കാക്കുന്നത്. ആപ്പിള്‍ ഉപകരണങ്ങളിലെ ഡിഫോള്‍ട്ട് ബ്രൗസറായ സഫാരിയും, മൈക്രോസോഫ്റ്റ് എഡ്‌ജ്, മോസില്ല ഫയര്‍ഫോക്‌സ് എന്നീ മറ്റ് രണ്ട് വെബ് ബ്രൗസറുകളുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്