ചൊവ്വയുടെ ഉൾത്തുടിപ്പുകൾ തേടി നാസയുടെ ഇന്‍സൈറ്റ് ചുവന്ന ഗ്രഹത്തിന്റെ ആന്തരിക ഘടന പഠിക്കുക ദൗത്യം

ചൊവ്വയുടെ ഉൾത്തുടിപ്പുകൾ തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്രതിരിച്ചു. കാലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് കുതിച്ചുയർന്ന അറ്റ്‍ലസ് റോക്കറ്റിലാണ് ഇൻസൈറ്റ് ബഹിരാകാശത്ത് എത്തിച്ചത്.ഇന്റീരിയർ എക്സ്പ്ലൊറേഷൻ യൂസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ് എന്നതിന്റെ ചുരുക്കെഴുത്താണ് ഇൻസൈറ്റ്. 

പേര് സൂചിപ്പിക്കുന്നത് പോലെ ചുവന്ന ഗ്രഹത്തിന്റെ ആന്തരിക ഘടന പഠിക്കുകയാണ് ഇന്‍സൈറ്റിനെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. അറ്റ്‍ലസ് 5 റോക്കറ്റിലേറിയാണ് ഇൻസൈറ്റ് മാര്‍സ് ലാന്ററിന്റെ യാത്ര. ആറ് മാസം നീണ്ട് നിൽക്കുന്ന യാത്രക്ക് ശേഷം നവംബര്‍ 26ന് പേടകം ചൊവ്വയിലെത്തും. ചൊവ്വ അടുത്തറിയാൻ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ആന്തരഘടനയെക്കുറിച്ചുള്ള പഠിക്കാനുള്ള ശ്രമം ഇതാദ്യമാണ്.

ചൊവ്വയിലെ ചെറുചലനങ്ങളും തരംഗങ്ങളുമടക്കം പിടിച്ചെടുക്കാൻ കഴിയുന്ന ഉപകരണങ്ങളാണ് ഇൻസൈറ്റിലുള്ളത്. ഫ്രഞ്ച് സ്പേസ് ഏജൻസി നിര്‍മ്മിച്ച സീസ്മോ മീറ്ററാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. ബ്രിട്ടൻ, ജര്‍മ്മനി, പോളിഷ് സ്പേസ് ഏജൻസികളും ഈ ചരിത്ര ദൗത്തിന്റെ ഭാഗമാകുന്നുണ്ട്. 2030ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കുന്നതിന്റെ ആദ്യപടിയായാണ് ഇൻസൈറ്റിന്റെ ഈ യാത്ര.