ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളാണ് വോഡാഫോൺ-ഐഡിയ

ദില്ലി: 4ജി, 5ജി രംഗത്ത് വോഡാഫോൺ-ഐഡിയയുമായി (വിഐ) പുതിയ കരാറിലെത്തിയതായി സ്ഥിരീകരിച്ച് ഫിന്നിഷ് ടെലികമ്മ്യൂണിക്കേഷൻ ഭീമന്‍ നോക്കിയ. വിഐയുടെ 4ജി നവീകരണത്തിനും 5ജി വിന്യാസത്തിനും വേണ്ടിയുള്ള ഉപകരണങ്ങള്‍ എത്തിക്കാനുള്ള മൂന്ന് വര്‍ഷത്തെ കരാറിലാണ് നോക്കിയ ഒപ്പിട്ടിരിക്കുന്നത്. എത്ര കോടി രൂപയുടെ കരാറിലാണ് ഇരു കമ്പനികളും ധാരണയിലെത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ലെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം സേവനദാതാക്കളാണ് വോഡാഫോൺ-ഐഡിയ അഥവാ വിഐ. ഫിന്‍ലാന്‍ഡ് കമ്പനിയായ നോക്കിയയുമായി ചേര്‍ന്ന് 4ജി, 5ജി വിന്യാസം ത്വരിതപ്പെടുത്താന്‍ വിഐ പദ്ധതിയിടുകയാണ്. ഇതിനായി നോക്കിയ ഉടന്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഈ നീക്കം 20 കോടി വോഡാഫോൺ-ഐഡിയ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും എന്ന് നോക്കിയ പ്രത്യാശയര്‍പ്പിക്കുന്നു. വിഐക്ക് 4ജി ഉപകരണങ്ങള്‍ ഇതിനകം നല്‍കിക്കൊണ്ടിരിക്കുന്ന കമ്പനി കൂടിയാണ് നോക്കിയ. 4ജി കരുത്ത് വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രീമിയം 5ജി വിഐ നെറ്റ്‌വര്‍ക്കില്‍ എത്തിക്കുകയാണ് നോക്കിയയുടെ ഉത്തരവാദിത്തം. ഉപകരണങ്ങള്‍ കൈമാറുന്നതിന് പുറമെ വോഡാഫോണ്‍ ഐഡിയയുടെ ആലോചനകളിലും ഉപകരണ വിന്യാസത്തിലും ഏകോപനത്തിനും നെറ്റ്‌വര്‍ക്ക് ഒപ്റ്റിമൈസേഷനിലും നോക്കിയ ഭാഗമാകും. 

Read more: എസ്എംഎസ് വഴി ലിങ്ക് അയച്ചുള്ള തട്ടിപ്പുകള്‍ക്ക് പൂട്ട്, ഒടിടിക്കും ബാധകം; ഉത്തരവിറക്കി ട്രായ്

ഏറെ പ്രതീക്ഷയോടെയാണ് നോക്കിയയുമായുള്ള കരാറിനെ വിഐ കാണുന്നത്. 'ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച 4ജി, 5ജി സേവനം എത്തിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. തുടക്കം മുതല്‍ പങ്കാളികളായ നോക്കിയ ആ ലക്ഷ്യത്തിലേക്ക് ഞങ്ങളെ എത്തിക്കും' എന്നും വോഡാഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂന്ദ്ര പ്രതികരിച്ചു. നോക്കിയക്ക് പുറമെ സാംസങ്, എറിക്സണ്‍ കമ്പനികളുമായി 4ജി, 5ജി ഉപകരണ കരാറുകളില്‍ എത്തിയതായി വിഐ സെപ്റ്റംബര്‍ 22ന് അറിയിച്ചിരുന്നു. നിലവില്‍ രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്കുള്ള റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ക്ക് നോക്കിയയും എറിക്‌സണും 5ജി ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്. 

Read more: വില ഒരു ലക്ഷത്തിനടുത്ത് മാത്രം; ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിളായ വണ്‍പ്ലസ് ഓപ്പണ്‍ വമ്പിച്ച ഓഫറില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം