ഇനി മുതൽ മറ്റെല്ലാ ലക്ഷ്യങ്ങളേക്കാളും കൗമാരക്കാരുടെ സുരക്ഷയ്ക്കായിരിക്കും മുൻഗണന നൽകുകയെന്ന് വ്യക്തമാക്കി ഓപ്പൺഎഐ. മോഡൽ സ്പെക്കില്‍ ഓപ്പണ്‍എഐ വരുത്തിയ അപ്‌ഡേറ്റുകള്‍ വിശദമായി അറിയാം.
കാലിഫോര്‍ണിയ: 'മോഡൽ സ്പെക്ക്' അപ്ഡേറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂള്‍ നിര്‍മ്മാതാക്കളായ ഓപ്പൺഎഐ. എഐ മോഡലുകൾ ആളുകളുമായി എങ്ങനെ ഇടപഴകുകയും പെരുമാറുകയും ചെയ്യണമെന്ന് നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഒരു കൂട്ടമാണ് മോഡൽ സ്പെക്ക്. കൗമാരക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് ഈ പുതിയ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം എന്ന് കമ്പനി പറയുന്നു.
ഓപ്പൺഎഐ ഇനി മുതൽ മറ്റെല്ലാ ലക്ഷ്യങ്ങളേക്കാളും കൗമാരക്കാരുടെ സുരക്ഷയ്ക്കായിരിക്കും മുൻഗണന നൽകുകയെന്ന് വ്യക്തമാക്കി. അതായത്, വിവര കൈമാറ്റവും സുരക്ഷാ വൈരുദ്ധ്യവും ഉണ്ടായാൽ സുരക്ഷയായിരിക്കും തിരഞ്ഞെടുക്കപ്പെടുക. ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുമ്പോൾ കൗമാരക്കാർക്ക് സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ അനുഭവം ഉണ്ടായിരിക്കണമെന്ന് കമ്പനി ആഗ്രഹിക്കുന്നു. ഇതാ ഓപ്പണ്‍എഐയുടെ പുതിയ നിയമങ്ങള്‍ സംബന്ധിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.
എന്താണ് മോഡൽ സ്പെക്ക്?
ഒരു എഐ പാലിക്കേണ്ട മൂല്യങ്ങൾ, ഉപയോക്താക്കളുമായി ഇടപഴകുമ്പോൾ അത് എങ്ങനെ പെരുമാറണം, എന്തൊക്കെ ഒഴിവാക്കണം എന്നിവ വിവരിക്കുന്ന ഒരു പൊതു രേഖയാണ് മോഡൽ സ്പെക്ക്. കൗമാരക്കാർക്ക് മുതിർന്നവരേക്കാൾ വ്യത്യസ്‍തമായ ആവശ്യങ്ങളും ചിന്താഗതികളും ഉള്ളതിനാലും എഐ അവരുമായി വ്യത്യസ്തമായി ഇടപഴകേണ്ടതിനാലും ഓപ്പൺഎഐ ഇപ്പോൾ ഈ നിയമങ്ങള്‍ പരിഷ്‍കരിച്ചു. ഇതിന്‍റെ ഭാഗമായി കൗമാരക്കാർക്കായി നാല് പുതിയ നിയമങ്ങൾ ചേർത്തു. ഈ പ്രത്യേക നിയമങ്ങൾ ഇനി 13 മുതൽ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കൾക്ക് ബാധകമാകും.
1. എല്ലാ സാഹചര്യങ്ങളിലും, കൗമാരക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകും.
2. ഓൺലൈൻ ചാറ്റുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം, യഥാർഥ ലോക ബന്ധങ്ങളിൽ നിന്നും വിശ്വസനീയരായ ആളുകളിൽ നിന്നും സഹായം തേടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കും.
3. ചാറ്റ്ബോട്ടുകൾ കുട്ടികളെയോ മുതിർന്നവരെയോ പോലെയല്ല, സന്തുലിതവും വിവേകപൂർണ്ണവുമായ രീതിയിലായിരിക്കും പെരുമാറുക.
4. ചാറ്റ്ബോട്ടിന് എന്തുചെയ്യാൻ കഴിയും, എന്തുചെയ്യാൻ കഴിയില്ല എന്ന് വ്യക്തമായി രൂപപ്പെടുത്തുക.
ഈ മാറ്റങ്ങളുടെ പ്രത്യേകത എന്താണ്?
ഏറ്റവും വലിയ മാറ്റം ചാറ്റ്‍ജിപിടിയുടെ പ്രാഥമിക ശ്രദ്ധ ഇനി കഴിയുന്നത്ര സഹായിക്കുക എന്നതല്ല, മറിച്ച് കൗമാരക്കാരെ സംരക്ഷിക്കുക എന്നതായിരിക്കും എന്നതാണ്. കൂടാതെ 13 മുതൽ 17 വയസ് പ്രായമുള്ള ഉപയോക്താക്കളുമായി ഇടപഴുകുന്നത് ചാറ്റ്ബോട്ട് ഇനിമുതൽ ഒഴിവാക്കും.
പ്രായം തിരിച്ചറിയൽ എഐ മോഡൽ
ഓപ്പൺഎഐയുടെ പ്രായം തിരിച്ചറിയൽ മോഡൽ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. സംഭാഷണത്തിലെ ചെറിയ സൂചനകളിൽ നിന്ന്, പ്രത്യേകിച്ച് ഉപയോക്താവ് അവരുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ, ഉപയോക്താവിന്റെ പ്രായം അനുമാനിക്കാൻ ഈ മോഡൽ ശ്രമിക്കും. അതേസമയം, ആന്ത്രോപിക്കും സമാനമായ ഒരു സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ, ആന്ത്രോപിക്കിന്‍റെ ചാറ്റ്ബോട്ടായ ക്വാഡ് 18 വയസിന് താഴെ പ്രായം ഉള്ളവർക്ക് ഉപയോഗിക്കാൻ അനുവാദമില്ല.


