ചിത്രങ്ങളെ പെയ്ന്‍റിംഗ് രൂപത്തില്‍ അവതരിപ്പിച്ച പ്രിസ്മ വീഡിയോ ഫീച്ചറും അവതരിപ്പിച്ചു. 15 സെക്കന്‍റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളെ പ്രിസ്മ ഉഗ്രന്‍ പെയിന്‍റിംഗ് ദൃശ്യങ്ങളായി തിരികെ തരും. ഐഒഎസ് യൂസര്‍മാര്‍ക്കായാണ് നിലവില്‍ വീഡിയോ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് പതിപ്പ് ഉടന്‍ പുറത്തിറക്കും. 

വീഡിയോക്കായി 9 ഫില്‍റ്ററുകളാണ് ആപ്പിലുള്ളത്. വീഡിയോയ്ക്ക് ദൈര്‍ഘ്യമേറിയാല്‍ ഒരു പ്രത്യേക ഇടത്ത് നിന്നും 15 സെക്കന്റ് ദൃശ്യം തെരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്. ഐഒഎസ് പത്ത് പതിപ്പില്‍ മാത്രമേ വീഡിയോ എഡിറ്റിങ്ങ് ഫീച്ചര്‍ ലഭിക്കൂ.

ആദ്യം ആപ്പിള്‍ ഐഫോണില്‍ മാത്രം ലഭ്യമായിരുന്ന പ്രിസ്മ ചുരുങ്ങിയ സമയം കൊണ്ട് വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പിക്കാസോ, വാന്‍ഗോഗ്,ലെവിറ്റാന്‍, കാന്‍ഡിന്‍സ്‌കി തുടങ്ങി നിരവധി ലോകപ്രശസ്ത കലാകാരന്‍മാരുടെ ക്ലാസിക് ആര്‍ട്ടുകളിലേക്ക് ഏത് ചിത്രവും മാറ്റുമെന്നതായിരുന്നു ഈ ആപ്പിന്‍റെ ജനപ്രിയത്തിന് പിന്നിലുള്ള പ്രധാന കാരണം. 

ജൂലൈയില്‍ ലോക ചാര്‍ട്ടില്‍ ആപ്പ് നമ്പര്‍വണ്ണും ആയിരുന്നു. ആപ്പിന് സ്വീകാര്യത വര്‍ധിപ്പിച്ചപ്പോള്‍ സെര്‍വര്‍ കപ്പാസിറ്റി ഇരട്ടിയാക്കേണ്ടിയും വന്നു ഡെവലപ്പര്‍മാര്‍ക്ക്.