50,000 കിലോമീറ്റര്‍, ഭൂമിയുടെ ചുറ്റളവിനേക്കാള്‍ നീളത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതിയായ 'പ്രൊജക്ട് വാട്ടര്‍വര്‍ത്ത്' പ്രഖ്യാപിച്ച് മെറ്റ  

വാഷിംഗ്‌ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രഖ്യാപിച്ച് മെറ്റ. 'പ്രൊജക്ട് വാട്ടര്‍വര്‍ത്ത്' എന്നാണ് മെറ്റയുടെ 50,000 കിലോമീറ്റര്‍ നീളത്തില്‍ വിന്യസിക്കപ്പെടുന്ന സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. വാട്ടര്‍വര്‍ത്ത് ഈ പതിറ്റാണ്ടിന്‍റെ അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് മെറ്റയുടെ ആലോചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയ്ക്കായി ബില്യണുകള്‍ നിക്ഷേപിക്കുകയാണ് ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. അഞ്ച് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ചുള്ള പ്രൊജക്ട് വാട്ടര്‍വര്‍ത്ത് കേബിള്‍ ശൃംഖല ഇന്ത്യ, യുഎസ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ സുപ്രധാന രാജ്യങ്ങളിലൂടെ കടന്നുപോകും. പ്രൊജക്ട് വാട്ടര്‍വര്‍ത്ത് പൂര്‍ത്തിയാവുന്നതോടെ സമുദ്രാന്തര്‍ കേബിളുകള്‍ വഴി ഇന്ത്യയും അമേരിക്കയും ബന്ധിപ്പിക്കപ്പെടും. കരാറിന്‍റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വാട്ടര്‍വര്‍ത്ത് കേബിളുകള്‍ സ്ഥാപിക്കാനുള്ള പണം കണ്ടെത്താനും അറ്റകുറ്റപ്പണി അടക്കമുള്ള ജോലികളിലും ഇന്ത്യ സഹകരിക്കും. 

ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്ന് എന്ന നിലയ്ക്ക് കൂടിയാണ് ഇന്ത്യയില്‍ നിക്ഷേപത്തിന് മെറ്റ തയ്യാറെടുക്കുന്നത്. ഇതിലൂടെ ഇന്ത്യയില്‍ മെറ്റയുടെ സേവനനിലവാരം വര്‍ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 'ലോകത്തിലെ ഏറ്റവും നീളമേറിയതും കപ്പാസിറ്റിയുള്ളതും സാങ്കേതികമായി മികച്ച് നില്‍ക്കുന്നതുമായ വാട്ടര്‍വര്‍ത്ത് സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയിലൂടെയാണ് ഇന്ത്യയെയും അമേരിക്കയെയും മറ്റ് പ്രധാന രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്. ഇതുവഴി മെറ്റയുടെ ആപ്പുകളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആവശ്യം കൂടി പരിഗണിച്ചാണ് ഈ നിക്ഷേപമെന്നും' മെറ്റ അറിയിച്ചു. 

Read more: അങ്ങനെ എല്ലാ കമന്‍റിനും ലൈക്ക് വാരിവിതറേണ്ട; ഇന്‍സ്റ്റഗ്രാം 'ഡിസ്‌ലൈക്ക്' ബട്ടണ്‍ അവതരിപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം