പൊട്ടിത്തെറി ഭീഷണിയെ തുടര്‍ന്ന് ഗ്യാലക്സി നോട്ട് 7 വിമാനങ്ങളില്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാലക്‌സി നോട്ട് 7 എന്ന മോഡലിന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് ഫോണ്‍ തിരിച്ചുവിളിക്കാന്‍ നേരത്തെ നിര്‍മ്മാതാക്കളായ സാംസങ്ങ് തയ്യാറായിരുന്നു. ഇതിന് പുറമേ ചാര്‍ജ് ചെയ്യാന്‍വച്ച നോട്ട് 7 പൊട്ടിത്തെറിച്ച് ഒരു വാഹനം തന്നെ കത്തുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തില്‍ കയറിയാല്‍ ഉടന്‍ കയ്യില്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് 7 ഉണ്ടെങ്കില്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും. ഒരു കാരണവശാലും വിമാനത്തില്‍വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പാടില്ലെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അധികൃതര്‍ പറയുന്നത്. ഫോണിന്‍റെ തകരാര്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും. ഇതിന്‍റെ കാരണമെന്തെന്ന് വൈകാതെ പുറത്തുവിടുമെന്നും സാംസങ് അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ ബാറ്ററി തകരാര്‍ മൂലം സാംസങ് ഗാലക്‌സി നോട്ട് 7 ബുക്ക് ചെയ്തവര്‍ക്ക് വിതരണം ചെയ്യുന്നത് വൈകിപ്പിച്ചിരുന്നു. 

എന്നാല്‍ ഏറെ സൂക്ഷ്‌മതയോടെ വികസിപ്പിച്ചെടുത്ത ബാറ്ററിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ സാംസങിലെ എന്‍ജിനിയര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.