മനുഷ്യ ശരീരത്തില്‍ പുതിയൊരു അവയവം

First Published 6, Apr 2018, 6:03 PM IST
Scientists discover new organ spanning the ENTIRE human body that acts as a built in shock absorber
Highlights
  • പഠിച്ചിട്ടും മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത പലതും ഒളിപ്പിച്ച് വച്ചിരിക്കുന്ന കലവറയാണ് മനുഷ്യ ശരീരം

ന്യൂയോര്‍ക്ക്: പഠിച്ചിട്ടും മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത പലതും ഒളിപ്പിച്ച് വച്ചിരിക്കുന്ന കലവറയാണ് മനുഷ്യ ശരീരം. ഇപ്പോള്‍ ഇതാ മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗവേഷകര്‍ രംഗത്ത് എത്തിയിരിക്കുന്നു. ജേണല്‍ സയന്‍റിഫിക്ക് റിപ്പോര്‍ട്സിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പാത്തോളജി വിഭാഗത്തിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

ഇന്റര്‍സ്റ്റിറ്റം എന്ന് പേരിട്ടിരിക്കുന്ന പുതിയ അവയവം മനുഷ്യശരീരത്തിലാകെ പടന്നു പന്തലിച്ചു കിടക്കുകയാണ്. തൊലിക്കടിയിലും അവയവങ്ങള്‍ക്ക് ചുറ്റും മസിലുകള്‍ക്കിടയിലും രക്തക്കുഴലുകളിലുമെല്ലാമായി പടര്‍ന്നുകിടക്കുന്ന ഈ അവയവത്തില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണുള്ളത്.

പരമാവധി ശരീരത്തെ ആഘാതങ്ങളില്‍ നിന്നും രക്ഷിക്കുകയാണ് ഈ അവയവത്തിന്‍റെ ധര്‍മ്മം. സ്രവങ്ങള്‍ അടങ്ങിയിട്ടുള്ള ഭാഗങ്ങള്‍ നിറഞ്ഞതിനാല്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ പരമാവധി കുറയ്ക്കാനാകും. അര്‍ബുദ ചികിത്സക്കിടെ ശരീരത്തില്‍ പലയിടത്തും നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത ചെറുദ്വാരങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഇതാണ് നിര്‍ണ്ണായക കണ്ടെത്തലിലേക്ക് നയിച്ചത്. 

പരമ്പരാഗതമായ രീതിയിലുള്ള നിരീക്ഷണ സംവിധാനങ്ങളും ഒരു പരിധി വരെ പുതിയ അവയവത്തെ അജ്ഞാതമായി നിലനിര്‍ത്തുന്നതിന് സഹായിക്കുകയായിരുന്നു. മനുഷ്യകോശങ്ങളിലെ ദ്രവങ്ങളെ വറ്റിച്ചതിന് ശേഷമാണ് മൈക്രൈാസ്‌കോപ് ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഇത് പുതിയ അവയവത്തിന്റെ ഘടന തന്നെ നശിപ്പിക്കുന്നതിന് തുല്യമായിരുന്നു.

ഇതില്‍ നിന്ന് മാറിയുള്ള പുതിയ നിരീക്ഷണ രീതിയാണ് ഈ അവയവത്തെക്കുറിച്ചുള്ള സൂചന നല്‍കിയത്. ഇതിന് കൂടുതല്‍ ഗവേഷണത്തിലാണ് ശാസ്ത്രലോകം.

loader