ന്യൂയോര്‍ക്ക്: 2012 ല്‍ ലോകം അവസാനിക്കും എന്ന പ്രവചനം ലോകത്തെ ഏറെ പേടിപ്പിച്ചിരുന്നു. എന്തിന് ആ പേരില്‍ ലോകവസാന സിനിമവരെ ഇറങ്ങി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു ദിവസം ചര്‍ച്ചയാകുന്നു. അതേ 2017 സെപ്റ്റംബര്‍ 23. അന്ന് ലോകം അവസാനിക്കുമെന്ന വാദവുമായി ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 

ബൈബിള്‍ സംബന്ധമായ പ്രവചനങ്ങള്‍ ആസ്പദമാക്കി ക്രിസ്ത്യന്‍ ഗൂഢാലോചനാവാദികള്‍ പറയുന്നത് ലോകാവസാനം സെപ്റ്റംബര്‍ 23 ന് സംഭവിക്കും എന്നാണ്. ബൈബിളിലെ വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന അന്ത്യന്യായവിധിയെയും നക്ഷത്രങ്ങളുടെ അണിചേരലിനെയും കൂട്ടിവായിച്ചാണ് ലോകാവസാനവാദവുമായി ഇവര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഈ ലോകാവസാന വാദങ്ങളോട് ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമൂഹവും യോജിക്കുന്നില്ല. 

വെളിപ്പാടിന്റെ 12 അടയാള സിദ്ധാന്തം അനുസരിച്ച് ലിയോ, വിര്‍ഗോ എന്നീ രാശിചക്രങ്ങളുടെ ഒന്നുചേരലും ലോകാവസാനത്തിനു കാരണമായി പറയുന്നു. ചന്ദ്രനെ പാദപീഠമാക്കി, തലയില്‍ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടം ധരിച്ച്, സൂര്യവേഷധാരിയായ സ്ത്രീയുടെ പ്രത്യക്ഷപ്പെടലോടെ അന്ത്യനായവിധി സംഭവിക്കും എന്നാണ് ലോകാവസാന സിദ്ധാന്തത്തില്‍ പറയപ്പെടുന്നത്. 

അടുത്തിടെ നടന്ന ചുഴലിക്കാറ്റും വെള്ളപ്പൊക്കവും പോലുള്ള പ്രക്യതി ദുരന്തങ്ങളും കിം ജോന്‍ ഉനിനെ പോലുള്ള ഏകാധിപതികളുടെ ഭരണവും ലോകാവസാനത്തിന്റെ സൂചനയാണെന്നു പറയപ്പെടുന്നു. നല്ലവരായ മനുഷ്യര്‍ യേശുക്രിസ്തുവിന്‍റെ രണ്ടാം വരവില്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടും എന്നും ശേഷിക്കുന്നവര്‍ ഭൂമിയില്‍ ലോകാവാസനവും കാത്ത് കിടക്കും എന്നും ഇവര്‍ പറയപ്പെടുന്നു.