വിഖ്യാതനായ സ്റ്റീവ് ജോബ്‌സിന് ശേഷം 2011 മുതൽ കഴിഞ്ഞ 15 വർഷം ആപ്പിളിന് നേതൃത്വം നൽകിയത് ടിം കുക്കായിരുന്നു. ജോൺ ടെർണസ്‌ ആയിരിക്കും ആപ്പിളിന്‍റെ അടുത്ത സിഇഒ. 

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിളിൽ നേതൃമാറ്റം. നീണ്ട 15 വര്‍ഷക്കാലം ആപ്പിളിനെ നയിച്ച ശേഷം ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു. ജോൺ ടെർണസ്‌ ആകും സെപ്റ്റംബർ ഒന്ന് മുതൽ ആപ്പിളിന്‍റെ പുതിയ സിഇഒ. നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ് ടെര്‍ണസ്. സിഇഒ സ്ഥാനം മാറുമ്പോഴും ടിം കുക്ക് ആപ്പിളില്‍ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് തുടരും.

സ്റ്റീവ് ജോബ്‌സിന് ശേഷം ആപ്പിളിനെ നയിച്ചത് ടീം കുക്ക്

വിഖ്യാതനായ സ്റ്റീവ് ജോബ്‌സിന് ശേഷം 2011 മുതൽ കഴിഞ്ഞ 15 വർഷം ആപ്പിളിന് നേതൃത്വം നൽകിയത് ടിം കുക്കായിരുന്നു. ഇക്കാലയളവിൽ കമ്പനിയുടെ വിപണി മൂല്യം 20 ഇരട്ടി വർധിച്ച്‌ നാല്‌ ട്രില്യൻ ഡോളറായി. ആപ്പിള്‍ ഇന്‍റലിജന്‍സ് പോലുള്ള നവീന സാങ്കേതിക പദ്ധതികള്‍ക്ക് ആപ്പിള്‍ തുടക്കമിട്ടത് ടിം കുക്കിന്‍റെ കാലയളവിലാണ്. 

ആപ്പിളിന്‍റെ സിഇഒയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് സ്ഥാനമൊഴിയല്‍ സ്ഥിരീകരിച്ചുകൊണ്ട് ടിം കുക്കിന്‍റെ പ്രതികരണം. 'ടിം കുക്കിന്‍റെ അഭൂതപൂർവമായ നേതൃത്വം ആപ്പിളിനെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയാക്കി മാറ്റി, ആപ്പിളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദേഹത്തിന്‍റെ സമഗ്രതയും മൂല്യങ്ങളും നിറഞ്ഞുനിൽക്കുന്നതായും'- ബോർഡ് ചെയർമാൻ സ്ഥാനമൊഴിയുന്ന ആർതർ ലെവിൻസൺ പ്രസ്‌താവനയിൽ പറഞ്ഞു. 

1998-ലാണ് ടിം കുക്ക് ആപ്പിളില്‍ ജോലിയില്‍ പ്രവേശിച്ചത്. ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്‍റെ സപ്ലൈ ചെയിനുകളെ നയിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്ന നിലയിലാണ് ടിം കുക്ക് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആപ്പിള്‍ കമ്പനി സ്ഥാപകനും സിഇഒയുമായിരുന്ന സ്റ്റീവ് ജോബ്‌സ് ആരോഗ്യ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതോടെ 2011-ല്‍ ടിം കുക്ക് കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് ഉയര്‍ന്നു. 

ഇനി ആപ്പിളിനെ നയിക്കുക ജോൺ ടെർണസ്‌

പ്രൊഡക്‌ട് ഡിസൈന്‍ ടീം അംഗമായി 2001-ലാണ് ജോൺ ടെർണസ്‌ ആപ്പിളില്‍ ചേര്‍ന്നത്. ആപ്പിളിന്‍റെ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായി അദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആപ്പിള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഈ അവസരത്തിന് നന്ദി അറിയിക്കുന്നതായി ടെർണസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. കരിയറിലുടനീളം ആപ്പിളിൽ ചെലവഴിച്ച എനിക്ക്, സ്റ്റീവ് ജോബ്‌സിന് കീഴിൽ ജോലി ചെയ്യാനും ടിം കുക്കിനെ ഉപദേഷ്‌ടാവായി ലഭിക്കാനും ഭാഗ്യമുണ്ടായതില്‍ സന്തോഷമുണ്ടെന്നും ജോൺ ടെർണസ്‌ പറഞ്ഞു. 

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News