Asianet News MalayalamAsianet News Malayalam

'പറ്റിക്കല്‍ പരിപാടി' പിടിച്ചു; 2.75 ലക്ഷം നമ്പറുകള്‍ വിച്ഛേദിച്ച് ട്രായ്, 50ലധികം കമ്പനികള്‍ക്ക് നിരോധനം

ഫോണ്‍ കോളുകളും മെസേജുകളും വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ രാജ്യത്ത് പെരുകുകയാണ്

TRAI blacklisted 50 plus entities and disconnected 2 75 lakh numbers
Author
First Published Sep 4, 2024, 12:54 PM IST | Last Updated Sep 4, 2024, 12:56 PM IST

ദില്ലി: സ്‌പാം കോളുകള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സ്‌പാം ഫോണ്‍ കോളുകളും മെസേജുകളും വഴിയുള്ള തട്ടിപ്പ് സംഘങ്ങളെ പൂട്ടുന്നതിന്‍റെ ഭാഗമായി 2.75 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് രണ്ടാഴ്‌ച്ചയ്ക്കിടെ വിച്ഛേദിച്ചത് എന്ന് ട്രായ് അറിയിച്ചു. 

ഫോണ്‍ കോളുകളും മെസേജുകളും വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ രാജ്യത്ത് പെരുകുകയാണ്. സ്‌പാമര്‍മാര്‍ പണം തട്ടിയെടുക്കുന്ന അനേകം സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനെ ചെറുക്കാനാണ് ശക്തമായ നടപടികളുമായി ട്രായ് മുന്നോട്ടുപോകുന്നത്. സ്‌പാ‌മര്‍മാര്‍ക്ക് തടയിടാന്‍ ടെലികോം സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ ട്രായ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ഓഗസ്റ്റ് 13 മുതലുള്ള രണ്ടാഴ്‌യ്ക്കിടെ 50ലധികം കമ്പനികളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു. 2.75 ലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകളും മറ്റ് ടെലികോം റിസോഴ്‌സുകളും വിച്ഛേദിച്ചിട്ടുമുണ്ട് എന്ന് ട്രായ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ (ട്വിറ്റര്‍) അറിയിച്ചു.  

2024ന്‍റെ ആദ്യ പകുതിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാത്ത ടെലിമാര്‍ക്കറ്റിംഗ് നമ്പറുകളില്‍ നിന്നുള്ള സ്‌പാം കോളുകള്‍ സംബന്ധിച്ച് എട്ട് ലക്ഷത്തോളം പരാതിയുയര്‍ന്നിരുന്നു. ഇതോടെയാണ് രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ വിലക്കണമെന്ന് സര്‍വീസ് സേവനദാതാക്കളോട് ട്രായ് നിര്‍ദേശിച്ചത്. ഈ ചട്ടങ്ങള്‍ ലംഘിച്ചാല്‍ നമ്പറുകളെയും കമ്പനികളെയും നിരോധിക്കുന്നതും ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതുമാണ് ശിക്ഷ. സ്‌പാമുകളില്ലാത്ത കോള്‍ അനുഭവം പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുകയാണ് ട്രായ് ലക്ഷ്യമിടുന്നത്. 

ടെലി മാര്‍ക്കറ്റിംഗ് എന്ന വ്യാജേന അനേകായിരം ഫോണ്‍ കോളുകളാണ് ഓരോ ദിവസവും രാജ്യത്തുണ്ടാവുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവഴി ആളുകള്‍ വഞ്ചിതരാവുന്നത് മാത്രമല്ല, നിരവധി പേര്‍ക്കാണ് പണം നഷ്‌ടമാകുന്നതും. ഇത്തരത്തില്‍ സ്‌പാം കോളുകള്‍ വഴി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ വലിയ സൈബര്‍ തട്ടിപ്പ് സംഘങ്ങളാണ് വലവിരിച്ചിരിക്കുന്നത്. 

Read more: എഐ മുതല്‍ ജീവന്‍രക്ഷാ മുന്നറിയിപ്പ് വരെ; ആന്‍ഡ്രോയ്‌ഡില്‍ നാല് പുത്തന്‍ ഫീച്ചര്‍ വരുന്നു, എങ്ങനെ ഉപയോഗിക്കാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios