ദില്ലി: ഡാറ്റ ഉപയോഗിച്ച് ബാലന്‍സ് നോക്കുമ്പോഴാകും പലരുടെയും കണ്ണ് തള്ളുക. അതിന് മുമ്പ് ഇത്രയും കഴിഞ്ഞോ എന്ന് നെടുവീര്‍പ്പിട്ടിരിക്കും. എന്താണ് ഇതിന് കാരണം? ഡാറ്റ ഓണ്‍ ആക്കുമ്പോള്‍ ചില വീഡിയോ പരസ്യങ്ങള്‍ ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡ് ആകും. പലപ്പോഴും ഉപയോക്താക്കള്‍ അറിയാതെയും അവരുടെ അനുമതി ഇല്ലാതെയുമാണ് ഇത്തരം വീഡിയോ പരസ്യങ്ങള്‍ ഡൗണ്‍ലോഡ് ആകുക. ഏതായാലും തനിയെ പരസ്യങ്ങള്‍ ഡൗണ്‍ലോഡ് ആകുന്നതിനെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറ്റി ഓഫ് ഇന്ത്യ (ട്രായ്). ഒക്‌ടോബര്‍ 24ന് ഹൈദരാബാദില്‍ നടക്കുന്ന ട്രായ് സെമിനാറില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന. ഉപയോക്താക്കള്‍ ഇതിനോടകം ഈ വിഷയത്തില്‍ നിരവധി പരാതികള്‍ ട്രായിക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീഡിയോ പരസ്യങ്ങള്‍ ഡൗണ്‍ലോഡ് ആകുന്നതിനെതിരെ ടെലികോം സേവനദാതാക്കള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയേക്കും. സുതാര്യതയില്ലാത്ത ടെലികോം സേവനദാതാക്കളുടെ ഡാറ്റ വിഴുങ്ങല്‍ അവസാനിപ്പിക്കണമെന്ന നിലപാടാണ് ട്രായ് അധികൃതര്‍ക്ക് ഉള്ളത്. ഏതായാലും ഇക്കാര്യത്തില്‍ ട്രായ് കര്‍ശന നിലപാട് എടുത്താല്‍ ഉപയോക്താക്കള്‍ക്ക് ഏറെ ആശ്വസിക്കാനാകും. അനാവശ്യമായി ഡാറ്റ ചോര്‍ന്നുപോകില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും.