ദില്ലി: രാജ്യത്ത് പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ഉപയോഗങ്ങള്‍ സൈബര്‍ ആക്രമണ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ സൈബര്‍ സുരക്ഷ സംഘത്തിന്‍റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കുന്നത്. സുരക്ഷ വീഴ്ചയുടെ കാര്യത്തില്‍ കൂടുതല്‍ അപകടമാണ് ഇന്ത്യയിലെ പൊതു വൈഫൈ ഇടങ്ങള്‍ എന്നാണ് ഏജന്‍സി അടുത്തിടെ നടത്തിയ വിലയിരുത്തല്‍ പറയുന്നത്. ഇതിന്‍റെ ഭാഗമായാണ് സുരക്ഷ മുന്നറിയിപ്പ്.

ഇത്തരം സുരക്ഷ വീഴ്ചകള്‍ ഉപയോഗിച്ച് നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ വഴി ഉപയോക്താവിന്‍റെ അതീവ സുരക്ഷ വിവരങ്ങള്‍ ചോരാം എന്ന് സിഇആര്‍ടി പറയുന്നു. അതിനാല്‍ തന്നെ പൊതു വൈഫൈ ഉപയോഗിക്കുന്ന സമയത്ത് പാസ്വേര്‍ഡുകള്‍, ചാറ്റ്, ക്രഡിറ്റ്കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍, ഇ-മെയില്‍ എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

വിപിഎന്നും, വയറെഡ് നെറ്റ്വര്‍ക്കും ഉപയോഗിച്ച് നെറ്റ് എടുക്കുന്നതാണ് സുരക്ഷിതമെന്ന് സിഇആര്‍ടി പറയുന്നു. അതേ സമയം ആഗോള വ്യാപകമായി വൈഫൈ നെറ്റ്വര്‍ക്കുകളില്‍ കണ്ടെത്തിയ വന്‍ സുരക്ഷ വീഴ്ചയുടെ പാശ്ചാത്തലത്തില്‍ കൂടിയാണ് മുന്നറിയിപ്പ് എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ലോകത്ത് ഉപയോഗിക്കുന്ന വൈഫൈ സംവിധാനങ്ങള്‍ വലിയ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹോംലാന്‍റ് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ബെല്‍ജിയന്‍ ഗവേഷകര്‍ വൈഫൈ സംവിധാനത്തില്‍ സുരക്ഷ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ മുന്നറിയിപ്പ് വന്നിരിക്കുന്നത്. 

ഇപ്പോള്‍ ലോക വ്യാപകമായി വൈഫൈ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ WPA2 പ്രോട്ടോകോള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് ഇത് തട്ടിയെടുത്ത് ഇതുവഴി സ്വകാര്യ വിവരങ്ങള്‍ കൈമാറാനോ, നെറ്റ്വര്‍ക്ക് തന്നെ നിയന്ത്രിക്കാനോ സാധിക്കും എന്നാണ് പുതിയ കണ്ടെത്തല്‍.

വൈഫൈ പ്രോട്ടക്ടഡ് ആസസ്സ് 2 എന്നാണ് WPA2 ന്‍റെ പൂര്‍ണ്ണരൂപം. മുന്‍പ് ഉണ്ടായിരുന്ന വയേര്‍ഡ് എക്യൂപ്മെന്‍റ് പ്രൈവസിയില്‍ വന്‍ സുരക്ഷ വീഴ്ചകള്‍ കണ്ടെത്തിയപ്പോഴാണ് WPA2 നടപ്പിലാക്കിയത്. ഇപ്പോള്‍ ബെല്‍ജിയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷകരായ മാത്തി വാന്‍ഹോഫ്, ഫ്രാങ്ക് പീസന്‍സ് എന്നിവരാണ് ഇപ്പോഴുള്ള സുരക്ഷ വീഴ്ച കണ്ടെത്തിയത്.