വ്യാജ വാര്‍ത്തക്കാരെ വരുതിയിലാക്കാന്‍ വന്‍തുക സമ്മാനവുമായി വാട്ട്സ്ആപ്പ് 

തെറ്റായ വിവരങ്ങള്‍ ഗ്രൂപ്പുകളിലും സന്ദേശങ്ങളിലും പരത്തുന്നവരെ വിജയകരമായി നേരിടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ സമ്മാന വാഗ്ദാനവുമായി വാട്ട്സ്ആപ്പ്. വളരെ വേഗത്തില്‍ സന്ദേശം അയക്കാന്‍ കഴിയുന്ന വാട്ട്സ്ആപ്പിന്റെ സാധ്യതകള്‍ വലിയ തോതില്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് 35 ലക്ഷം രൂപയുടെ സമ്മാന വാഗ്ദാനം വാട്ട്സ്ആപ്പ് നടത്തിയത്. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ വാട്ട്സ്ആപ്പില്‍ കിട്ടിയ മെസേജുകള്‍ കാരണമായിരുന്നതായി കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചില പ്രത്യേക അജന്‍ഡകള്‍ പരത്താനും വാട്ട്സ്ആപ്പ് വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. 

നിലവില്‍ ഫേസ്ബുക്കിന് സ്വന്തമായ വാട്ട്സ്ആപ്പിലൂടെ വന്ന സന്ദേശങ്ങളുടെ ആധികാരികത കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ധനസഹായം നല്‍കാനാണ് തീരുമാനം. എന്‍ക്രിപ്റ്റ് ചെയ്ത് സന്ദേശങ്ങളിലെ വസ്തുത തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള സാങ്കേതിക വിദ്യാ സഹായം നല്‍കുന്നവര്‍ക്ക് 35 ലക്ഷം രൂപ നല്‍കുമെന്നാണ് വാട്ട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ അഞ്ചോളം സംസ്ഥാനങ്ങളിലായി വാട്ട്സ്ആപ്പില്‍ ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടില്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായതാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ ആക്രമിക്കപ്പെട്ടവരില്‍ ഏറിയപങ്കും നിരപരാധികള്‍ ആയിരുന്നെന്ന് പിന്നീട് വ്യക്തമായിരുന്നു. ഞായറാഴ്ചയാണ് ഇത്തരത്തില്‍ മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. 

വ്യാജവാര്‍ത്തകള്‍ സമൂഹത്തിന്റെ സമാധാനം നശിപ്പിക്കുന്നുവെന്നാണ് വിലയിരുത്തുന്നത്. കേന്ദ്ര വിവര സാങ്കേതിക വിദ്യാ മന്ത്രാലയം ഇത്തരത്തില്‍ സന്ദേശങ്ങളിലെ വസ്തുത കണ്ടെത്താന്‍ സഹായകരമായ നിലപാടുകള്‍ വാട്ട്സ്ആപ്പില്‍ നിന്ന് ഉണ്ടാകാത്തതിനെ കര്‍ശനമായി വിമര്‍ശിച്ചിരുന്നു. വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പടര്‍ത്തുന്നതിലെ ഉത്തരവാദിത്വത്തില്‍ നിന്നും വാട്ട്സ്ആപ്പിന് ഒഴിയാന്‍ കഴിയില്ലെന്നായിരുന്നു വിമര്‍ശനം. 

പ്രകോപനകരമായ സന്ദേശങ്ങള്‍ വ്യാപകമായ രീതിയില്‍ പരത്തുന്നത് തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ വാട്ട്സ്ആപ്പ് തയ്യാറാകണമെന്നും മന്ത്രാലയം സൂചിപ്പിച്ചിരുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വ്യാജവാര്‍ത്തകളെ നേരിടാനുള്ള സാധ്യതകളാണ് തേടുന്നത്. എന്നാല്‍ സന്ദേശങ്ങളെ നിരീക്ഷിച്ച് അവ പ്രകോപനകരമാണോ അവയുടെ വാസ്തവമെന്താണ് എന്നാണ് കണ്ടെത്തുക അത്ര എളുപ്പമല്ലെന്നാണ് വാട്ട്സ്ആപ്പ് വിലയിരുത്തുന്നത്.