വ്യാജപ്രചരണങ്ങള്‍ തടയണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍‌ദ്ദേശത്തിനാണ് കമ്പനിയുടെ മറുപടി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്രം വാട്ട്സ്ആപ്പിന് നോട്ടീസയച്ചത്
ദില്ലി: വ്യജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കർശനമായി തടയുമെന്ന് വാട്ട്സ്ആപ്പ്. വ്യാജപ്രചരണങ്ങള് തടയണമെന്ന കേന്ദ്രസര്ക്കാരിന്റെ നിര്ദ്ദേശത്തിനാണ് കമ്പനിയുടെ മറുപടി.
ആള്ക്കൂട്ട ആക്രമണങ്ങള് കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്രം വാട്ട്സ്ആപ്പിന് നോട്ടീസയച്ചത്. വ്യാജപ്രചരണം തടഞ്ഞില്ലെങ്കിൽ കർശന നടപടി എന്നായിരുന്നു കേന്ദ്രസര്ക്കാരിന്റെ മുന്നറിയിപ്പ്. അക്രമങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് വാട്ട്സ്ആപ്പ് മറുപടിയിൽ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളും വിശദീകരിച്ചാണ് വാട്ട്സ്ആപ്പ് അധികൃതരുടെ മറുപടി.
ഗ്രൂപ്പ് ചാറ്റുകൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി. അഡ്മിനുകൾക്ക് കൂടുതൽ അധികാരവും ഉത്തരവാദിത്വവും നൽകും. ഫോർവേഡ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നതിന് പ്രത്യേകം ഫീച്ചർ ഏർപ്പെടുത്തും. സ്വകാര്യത സംരക്ഷിക്കാനുള്ള എൻക്രിപ്റ്റഡ് സംവിധാനം സന്ദേശങ്ങൾ പരിശോധിക്കുന്നതിന് തടസ്സമാണെന്നും വാട്ട്സ്ആപ്പ് കേന്ദ്രത്തോട് വിശദീകരിക്കുന്നു. വ്യാജവാർത്തകൾ തടയാൻ സർക്കാരും സാങ്കേതിക കമ്പനികളും, സമൂഹവും ഒന്നിച്ച് പ്രവർത്തിക്കണമെന്നും വാട്ട്സ്ആപ്പ് അധികൃതര് വ്യക്കമാക്കി.
അടുത്തിടെ 17 ജീവനുകളാണ് വാട്ട്സ്ആപ്പ് വഴിയുള്ള വ്യാജപ്രചരണം കവർന്നത്. കുട്ടികളെ തട്ടിപ്പോകുന്നതായുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പേരിൽ മഹാരാഷ്ട്രയിൽ ജൂലൈ 1ന് അഞ്ച് പേരെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നതോടെയാണ് കേന്ദ്രം ഇടപെട്ടത്.
