ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ അത്ഭുതം ജനിപ്പിക്കുന്ന കുതിപ്പാണ് ഒരുവര്‍ഷത്തില്‍ ഉണ്ടാക്കിയത്. 2017ലെ ആദ്യപാദത്തില്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ 51 ശതമാനം ചൈനീസ് കമ്പനികള്‍ കരസ്തമാക്കി കഴിഞ്ഞു. സാംസങ്ങ് മൊബൈല്‍സ് ആണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ മൊബൈല്‍ വില്‍ക്കുന്നവര്‍. ഇവരുടെ വിപണി വിഹിതം 28 ശതമാനം വരും.

എന്നാല്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ശരിക്കും കൈയ്യടക്കിയിരിക്കുന്നത് ഇന്ത്യന്‍ ഫോണ്‍ കമ്പനികളുടെ വിപണി വിഹിതമാണ്. കഴിഞ്ഞവര്‍ഷം 40 ശതമാനം ഉണ്ടായിരുന്ന മൈക്രോമാക്സ് അടക്കമുള്ള കമ്പനികളുടെ വിപണി വിഹിതം 2017ലെ ആദ്യപാദത്തില്‍ എത്തിയപ്പോള്‍ ഇടിഞ്ഞ് വീണത് 14 ശതമാനത്തിലേക്ക്.

ചിത്രം കടപ്പാട്- ഐബി ടൈംസ്

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ അഞ്ച് മൊബൈല്‍ കമ്പനികളില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ കമ്പനികളായ ലാവ, കാര്‍ബണ്‍, മൈക്രോമാക്സ് എന്നിവ പിന്നോട്ട് നീങ്ങിയപ്പോള്‍, ആ സ്ഥാനത്തേക്ക് ചൈനീസ് കമ്പനികളായ ഷവോമി, വിവോ, ഓപ്പോ എന്നിവര്‍ കടന്നുവന്നു. ചൈനീസ് കുത്തൊഴുക്കിലും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ മറ്റൊരു വിദേശ കമ്പനിയായ ലെനോവയ്ക്ക് സാധിച്ചു. വിലകുറഞ്ഞ മോട്ടോ ഫോണുകളാണ് ലെനോവയെ രക്ഷിച്ചത് എന്ന് പറയാം.

ഓപ്പോ, വിവോ എന്നിവര്‍ വന്‍ വര്‍ദ്ധനവാണ് വില്‍പ്പനയില്‍ ഉണ്ടാക്കിയത്.  7 മുതല്‍ 9 മടങ്ങ് വരെ ഇവരുടെ വില്‍പ്പന വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം ഇന്ത്യ റൈറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം ഓപ്പോ, വിവോ എന്നീ കമ്പനികളുടെ വളര്‍ച്ച 40 മുതല്‍ 50 ശതമാനം ആയിരിക്കും എന്നാണ് പറയുന്നത്.

പരസ്യ തന്ത്രങ്ങളാണ് ഈ കമ്പനികള്‍ക്ക് വളര്‍ച്ച ഉണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിവോ ഐപിഎല്ലിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായും, ഓപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സറായതും ഇരു കമ്പനികളെയും തുണയ്ക്കുന്നുണ്ട്. ഇതിന് എല്ലാം പുറമേ ഓണ്‍ലൈനായും ഓഫ് ലൈനായും ഏറ്റവും കൂടുതല്‍ പരസ്യം കഴിഞ്ഞ പാദങ്ങളില്‍ നടത്തിയത് ഈ കമ്പനികളാണെന്ന് കണക്ക് വ്യക്തമാക്കുന്നു. 

ചിത്രം കടപ്പാട്- ഐബി ടൈംസ്

ടെക്നോളജി പരമാവധി ഉപയോഗിക്കുക എന്നാല്‍ അത് വിലകുറച്ച് നല്‍കുക എന്ന നയവും, ബ്രാന്‍റ് ഉണ്ടാക്കിയെടുക്കാന്‍ നടത്തുന്ന വലിയ നിക്ഷേപവും ഇന്ത്യന്‍ കമ്പനികള്‍ക്ക് മുകളില്‍ ആധിപത്യം സൃഷ്ടിക്കാന്‍ ചൈനീസ് കമ്പനികള്‍ക്ക് തുണയാകുന്നു. ഒപ്പം ചൈനീസ് കമ്പനികളെ അപേക്ഷിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തന ചിലവ് കൂടിവരുന്നു എന്നതും ഇന്ത്യന്‍ കമ്പനികളുടെ പിന്നോട്ട് പോക്കിനെ പരാമര്‍ശിച്ച് ഇന്ത്യ റൈറ്റിംഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.  ഒപ്പം തന്നെ ചൈനീസ് കമ്പനികള്‍ ഒരു പുതിയ പ്രോഡക്ട് ഇറക്കുന്ന ഇടവേളകള്‍ ചെറുതാണ്. അത്രയും ഗവേഷണങ്ങള്‍ നടത്താനും പുതിയ നൂതന സങ്കേതങ്ങള്‍ അവതരിപ്പിക്കാനും അവര്‍ക്ക് സമയം കിട്ടുന്നു. 

എന്നാല്‍ ഈ രണ്ട് കാര്യത്തിലും ഇന്ത്യന്‍ കമ്പനികള്‍ പിന്നോട്ടാണ് എന്നത് അവര്‍ക്ക് തിരിച്ചടിയാകുന്നു. ജിയോയുടെ കടന്ന് വരവോടെ ഡാറ്റ നിരക്കുകള്‍ കുത്തനെ കുറഞ്ഞതോടെ സ്മാര്‍ട്ട്ഫോണുകളുടെ ആവശ്യകത, പ്രത്യേകിച്ച് 4ജി മോഡലുകള്‍ക്ക് വര്‍ദ്ധിച്ചു. ഇത് ശരിക്കും മുതലാക്കുവാന്‍ സാധിച്ചത് ചൈനീസ് കമ്പനികള്‍ക്കാണ്. മികച്ച പ്രത്യേകതകളുമായി വിലകുറഞ്ഞ ഫോണുകളുമായി കൃത്യമായ രീതിയില്‍ പരസ്യം ചെയ്ത് ഈ സമയത്ത് ചൈനീസ് ഇടപെടല്‍ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.