Asianet News MalayalamAsianet News Malayalam

ദിനോസര്‍കാലത്തെ തവളയെ കണ്ടെത്തി

  • ദിനോസറുകള്‍ക്ക് ഒപ്പം ഭൂമിയില്‍ ജീവിച്ചിരുന്നെന്ന് കരുതുന്ന തവളയുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു
World Oldest known Frogs Preserved in Amber Discovered

ലണ്ടന്‍ : ദിനോസറുകള്‍ക്ക് ഒപ്പം ഭൂമിയില്‍ ജീവിച്ചിരുന്നെന്ന് കരുതുന്ന തവളയുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രലോകത്ത് ചര്‍ച്ചയാകുന്നു. വടക്കേ മ്യാന്‍മാറിലെ മഴക്കാടില്‍ നിന്നാണ് ഒരു മെഴുക് ശിലയ്ക്കുള്ളില്‍ അടക്കപ്പെട്ട നിലയില്‍ ഒരു ജീവിയുടെ അവശിഷ്ടം ലഭിച്ചത്. ആദ്യ പരിശോധനയില്‍ പ്രത്യേക രൂപമൊന്നുമില്ലാത്ത ഒന്നായിരുന്നു ആമ്പറിനുള്ളില്‍. വിശദമായ പരിശോധനയിലാണ് രണ്ട് മുന്‍ കാലുകളും മറ്റും ശ്രദ്ധയില്‍പ്പെടുന്നത്. ഒരിഞ്ച് മാത്രം വലിപ്പമുള്ള ചെറിയ തവളയാണ് ഇതെന്ന് പിന്നീട് ശാസ്ത്രകാരന്മാര്‍ ഉറപ്പിച്ചു.

ഇതുവരെ ലഭിച്ച തവള ഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണിത്. ആമ്പറിനുള്ളില്‍ സൂക്ഷിക്കപ്പെട്ട നിലയിലായിരുന്നു തവളയെ കണ്ടെത്തിയത്. ഇതുവരെ ലഭിച്ച തവള ഫോസിലുകളില്‍ കൈത്തണ്ടയുടെ അസ്ഥിയോ, ഇടുപ്പെല്ലിന്റെ അസ്ഥികളോ ഒന്നും ലഭിച്ചിരുന്നില്ല. ദിനോസര്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇത്രയും ചെറിയ ജീവിയുടെ ഫോസില്‍ വളരെ അപൂര്‍വ്വമായി മാത്രം കേട്ടിട്ടുള്ളതാണ്. ചെറിയ അസ്ഥികളാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല ത്രിമാന രൂപത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. പഠനത്തിന് പാകമായ രീതിയില്‍ തവളയുടെ തലയോട്ടി കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ മുന്‍കാലുകള്‍ ദ്രവിച്ചു പോയിട്ടുണ്ട്, പുതിയ ഫോസിലിനെക്കുറിച്ച് പഠിക്കുന്ന യു എസ് ഗെയിന്‍വില്ലിയിലെ ഫ്‌ളോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ പുരാവസ്തു ഗവേഷകന്‍ ഡേവിഡ് ബ്ലാക്ക്‌ബേണ്‍ പറയുന്നു

അന്നത്തെ മഴക്കാടുകളിലെ ആവാസവ്യവസ്ഥയിലേക്കും വെളിച്ചം വീശുവന്നതാണ് ഈ ഫോസിലിന്റെ കണ്ടെത്തല്‍. ദിനോസറുകള്‍ ഇല്ലെന്നതു ഒഴിച്ചാല്‍ ഏതാണ്ട് അന്നത്തെ മഴക്കാടുകളുടേതിനു സമാനമാണ് ഇന്നത്തെ മഴക്കാടുകളിലെ ആവാസവ്യവസ്ഥയെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ദിനോസറുകള്‍ ജീവിച്ചിരുന്ന അവസാന കാലമായ ക്രെട്ടേഷ്യസ് പിരീഡിലുള്ളതാണ്  കുഞ്ഞു തവളയെന്ന് നേച്ചര്‍ ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

തവളകള്‍ 20 കോടി വര്‍ഷമായി ഭൂമുഖത്തുണ്ട്. മഴക്കാടുകളില്‍ തവളകള്‍ ജീവിച്ചിരുന്നുവെന്നതിത് തെളിയിക്കുന്ന കാര്യമായ ഫോസില്‍ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ പുതുതായി ലഭിച്ച ഫോസിലില്‍ നടത്തിയ പഠനത്തില്‍ തവളകള്‍ മഴക്കാടുകളിലും ജീവിച്ചിരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios