ഗൂഗിള്‍ പേയ്‌ക്കും ഫോണ്‍പേയ്‌ക്കും എതിരാളിയായി 'സോഹോ പേ' എന്ന പേയ്‌മെന്‍റ് ആപ്പ് സോഹോ കോര്‍പ്പറേഷന്‍ അവതരിപ്പിക്കും എന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തൊക്കെയായിരിക്കും ഈ ആപ്പിന്‍റെ സവിശേഷതകള്‍? 

ചെന്നൈ: 'അറട്ടൈ' ആപ്പിന്‍റെ നിര്‍മ്മാതാക്കളായ സോഹോ കോര്‍പ്പറേഷന്‍ കണ്‍സ്യൂമര്‍ പേയ്‌മെന്‍റ് ആപ്പ് പുറത്തിറക്കും. ഗൂഗിള്‍ പേയ്‌ക്കും ഫോണ്‍പേയ്‌ക്കും എതിരാളിയായി 'സോഹോ പേ' എന്ന പേയ്‌മെന്‍റ് ആപ്പ് സോഹോ അവതരിപ്പിക്കും എന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വതന്ത്ര ആപ്പായും, സോഹോയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ അറട്ടൈയുമായി സംയോജിപ്പിച്ചും സോഹോ പേ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. അതായത്, അറട്ടൈ ആപ്പില്‍ നിന്ന് പുറത്തുകടക്കാതെതന്നെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയും. ഓണ്‍ലൈനായി പണം അയക്കാനും സ്വീകരിക്കാനും തടസമില്ലാതെ ഇടപാടുകള്‍ നടത്താനും പുത്തന്‍ പ്ലാറ്റ്‌ഫോം വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

ടെക് രംഗത്ത് സജീവമായിട്ടുള്ള ഇന്ത്യന്‍ കമ്പനിയാണ് ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോര്‍പ്പറേഷന്‍. ഫിന്‍ടെക് രംഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള സോഹോയുടെ പരിശ്രമത്തിന്‍റെ ഭാഗമാണ് പുത്തന്‍ പേയ്‌മെന്‍റ് ആപ്പ്. ബിസിനസ് പേയ്‌മെന്‍റ്, പോയിന്‍റ്-ഓഫ്-സെയില്‍ (പിഒഎസ്) രംഗത്ത് സോഹോ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. ഫിന്‍ടെക് മേഖലയില്‍ കൂടുതല്‍ ആപ്പുകളും സേവനങ്ങളും സോഹോ ഭാവിയില്‍ പുറത്തിറക്കാനും സാധ്യതയുണ്ട്.

സോഹോയുടെ സോഹോ മെയില്‍, Ulaa ബ്രൗസര്‍, സോഹോ ഓഫീസ് സ്യൂട്ട് അടക്കമുള്ള സേവനങ്ങള്‍ക്ക് രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സോഹോ 2021-ൽ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണ് അറട്ടൈ. അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യയിലെ ആപ്പ് സ്റ്റോർ റാങ്കിംഗിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ കരുത്തരായ വാട്‌സ്ആപ്പിനെ അറട്ടൈ പിന്തള്ളിയിരുന്നു. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി നിരവധി ഫീച്ചറുകള്‍ അറട്ടൈ എന്ന ഒറ്റ പ്ലാറ്റ്‌ഫോം വാഗ്‌ദാനം ചെയ്യുന്നു. അറട്ടൈ ആപ്പില്‍ ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവ സാധ്യമാണ്. ഇന്ത്യയില്‍ വാട്‌സ്ആപ്പുമായാണ് അറട്ടൈയുടെ പ്രധാന മത്സരം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്