2019ല്‍ തീയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. ഒരു മുതിര്‍ന്ന മനുഷ്യനും അയാളുടെ ഒറ്റപ്പെടല്‍ മാറ്റാന്‍ മകന്‍ സമ്മാനിച്ച റോബോട്ടും തമ്മിലുള്ള ബന്ധം പറഞ്ഞ ചിത്രം പ്രായഭേദമന്യെ ആസ്വാദകരുടെ പ്രിയചിത്രമായി. ഇപ്പോഴിതാ തെലുങ്ക് സിനിമാപ്രേമികളെ തേടി ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പ് പുറത്തെത്തുകയാണ്. മലയാളചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ മുന്‍പും വന്നിട്ടുള്ള ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ പ്രീമിയര്‍.

ഈ മാസം ഒന്‍പതിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അതിനു മുന്നോടിയായി അഹ വീഡിയോ ട്രെയ്‍ലര്‍ പുറത്തുവിട്ടിട്ടുണ്ട്. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ തെലുങ്കിലേത്തുമ്പോള്‍ 'ആന്‍ഡ്രോയ്‍ഡ് കട്ടപ്പ' എന്ന് പേര് മാറ്റിയിട്ടുണ്ട്. നേരത്തെ ടൊവീനോ നായകനായ ഫോറന്‍സിക്, ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്നീ ചിത്രങ്ങള്‍ തെലുങ്കിലേക്ക് മൊഴിമാറ്റി തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ അഹ വീഡിയോ റിലീസ് ചെയ്തിരുന്നു. തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗീത ആര്‍ട്‍സിന്‍റെ സംരംഭമാണ് അഹ വീഡിയോ.