ശ്രീ ഗോകുലം മൂവീസ് ആണ് നിര്‍മ്മാണം
ദിലീപ് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ഭയം ഭക്തി ബഹുമാനം എന്നതിന്‍റെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു ഹൈ വോള്‍ട്ടേജ് എന്‍റര്‍ടെയ്‍നര്‍ തന്നെ ആയിരിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ് പുറത്തെത്തിയിരിക്കുന്ന ടീസര്‍. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
അതേസമയം ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷം ഉണ്ടാവുമോ എന്നത് ടീസറിന് ശേഷവും ഒരു സസ്പെന്‍സ് ആയി അവശേഷിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് വി സി പ്രവീണ്‍, ബൈജു ഗോപാലൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭ.ഭ.ബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കൊമെഡിയൻ റെഡിംഗ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.
