ബോബി ഡിയോള്‍ നായകനാവുന്ന നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ചിത്രം ക്ലാസ് ഓഫ് 83ന്‍റെ ട്രെയിലര്‍ പുറത്തെത്തി. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു പൊലീസ് ഡ്രാമയാണ്. കുറ്റകൃത്യങ്ങള്‍ പെരുകിയ എണ്‍പതുകളിലെ ബോംബെയില്‍ നിയമം നടപ്പിലാക്കാന്‍ തന്‍റേതായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വിജയ് സിംഗ് എന്ന ബോബി ഡിയോള്‍ കഥാപാത്രം. വലിയ ഇടവേളയ്ക്കു ശേഷം ബോബി ഡിയോളിന്‍റെ ശക്തമായ തിരിച്ചുവരവിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന ചിത്രമാണിത്.

ഹുസൈന്‍ സെയ്ദിയുടെ 'ക്ലാസ് ഓഫ് 83: ദി പണിഷേഴ്സ് ഓഫ് മുംബൈ പൊലീസ്' എന്ന പുസ്തകത്തെ ആദ്‍പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അഞ്ച് പുതുമുഖങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ട്. ഭൂപേന്ദ്ര ജദാവത്ത്, നൈനാദ് മഹാജനി, ഹിതേഷ് ഭോജ്‍രാജ്, സമീര്‍ പരഞ്ജപെ, പൃഥ്വിക് പ്രതാപ് എന്നിവരാണ് അവര്‍. 'ഔറംഗസേബ്' സംവിധായകന്‍ അതുല്‍ സഭര്‍വാള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അനൂപ് സോണി, ജോയ് സെന്‍ഗുപ്‍ത, വിശ്വജീത് പ്രധാന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ മാസം 21ന് നെറ്റ്ഫ്ളിക്സ് റിലീസ്.