ഓഗസ്റ്റ് 14 ന് തിയറ്ററുകളില്‍

തമിഴ് പ്രേക്ഷകര്‍ക്ക് പുറത്തേക്കും സ്വീകാര്യത കിട്ടിയിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ ചിത്രങ്ങള്‍‍ കൊണ്ട് ഇത്തരത്തില്‍ കരിയര്‍ ഗ്രോത്ത് ഉണ്ടാക്കിയിട്ടുള്ള സംവിധായകര്‍ ഏത് ഭാഷയിലും അപൂര്‍വ്വമായിരിക്കും. ഇപ്പോഴിതാ കരിയറിലെ ഏറ്റവും അംബീഷ്യസ് പ്രോജക്റ്റുമായി എത്തുകയാണ് അദ്ദേഹം. രജനികാന്ത് നായകനാവുന്ന കൂലി ആണ് ആ ചിത്രം. രജനിക്കൊപ്പം വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് പ്രധാന താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്.

ലോകേഷിന്‍റെ ഏറ്റവും ബിഗ് കാന്‍വാസ് ചിത്രമായിരിക്കും ഇതെന്ന് ട്രെയ്‍ലര്‍ അടിവരയിടുന്നു. രജനിയെ അതി​ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്ന 3.02 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, നാ​ഗാര്‍ജുന, ആമിര്‍ ഖാന്‍ തുടങ്ങിയവരെയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ, വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് കൂലി. എന്നാല്‍ ലിയോ പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമല്ല ഇത്. മറിച്ച് ഇന്‍ഡിപെന്‍ഡന്‍റ് ചിത്രമാണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സൌബിന്‍ ഷാഹിര്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദയാല്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്.

ശ്രുതി ഹാസന്‍, സത്യരാജ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ​ഗിരീഷ് ​ഗം​ഗാധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഒരു ലോകേഷ് ചിത്രത്തിന് ഗിരീഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രണ്ടാം തവണയാണ്. കമല്‍ ഹാസന്‍ നായകനായ വിക്രം ചിത്രീകരിച്ചത് ഗിരീഷ് ആയിരുന്നു. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.

വിജയമായാല്‍ നിലവിലെ തമിഴ് സിനിമയുടെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ അളക്കും കൂലി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കരുതുന്നത്. ചിത്രം തമിഴ് സിനിമയ്ക്ക് ആദ്യ 1000 കോടി ക്ലബ്ബ് തുറന്നുകൊടുക്കുമോ എന്ന കൗതുകമാണ് കോളിവുഡിന് ഈ ചിത്രത്തിന്മേല്‍ ഉള്ളത്. ജയിലറില്‍ മറുഭാഷാ താരങ്ങളെ ഉള്‍പ്പെടുത്തിയത് തമിഴ്നാടിന് പുറത്തുള്ള കളക്ഷനെ സ്വാധീനിച്ചിരുന്നു. ഒരു സ്റ്റൈലിഷ് ലോകേഷ് ചിത്രത്തില്‍ രജനികാന്ത് കൂടി എത്തി, അത് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ വലിയ വിജയമാണ് സണ്‍ പിക്ചേഴ്സിനെ കാത്തിരിക്കുന്നത്.

Coolie - Official Trailer | Superstar Rajinikanth | Sun Pictures | Lokesh | Anirudh