ചിത്രം ദീപാവലിക്ക് തിയറ്ററുകളില്‍

തമിഴ് സിനിമയിലെ യുവതാരനിരയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നാണ് ഹരീഷ് കല്യാണ്‍. വന്‍ വിജയം നേടിയ പാര്‍ക്കിംഗ്, ലബ്ബര്‍ പന്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹരീഷ് നായകനാവുന്ന ചിത്രമാണ് ഡീസല്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഷണ്‍മുഖം മുത്തുസാമിയാണ് ചിത്രത്തിന്‍റെ സംവിധാനം. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന, ആക്ഷനും മാസ് രംഗങ്ങള്‍ക്കുമൊക്കെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ടീസര്‍ സൂചന നല്‍കുന്നു. 1.13 മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം. വടക്കന്‍ ചെന്നൈ പശ്ചാത്തലമാക്കുന്ന ചിത്രമാണിത്.

ആക്ഷനൊപ്പം റൊമാന്‍സിനും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. അതുല്യ രവിയാണ് ചിത്രത്തിലെ നായിക. വിനയ് റായ്, സായ് കുമാര്‍, അനന്യ, കരുണാസ്, രമേശ് തിലക്, കാളി വെങ്കട്, വിവേക് പ്രസന്ന, സച്ചിന്‍ കേദേക്കര്‍, സക്കീര്‍ ഹുസൈന്‍, തങ്കദുരൈ, കെപിവൈ ദീന, അപൂര്‍വ്വ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദിബു നൈനാന്‍ തോമസ് ആണ് സംഗീത സംവിധായകന്‍. ചിത്രത്തിലെ ആദ്യം പുറത്തെത്തിയ ഗാനമായ ബിയര്‍ സോംഗ് വലിയ സ്വീകാര്യത നേടിയിരുന്നു. റീല്‍സുകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രചരിച്ച ഒരു തമിഴ് ഗാനമാണ് ഇത്.

എം എസ് പ്രഭു, റിച്ചാര്‍ഡ് എം നാഥന്‍ എന്നിവരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സാന്‍ ലോകേഷ് ആണ് എഡിറ്റര്‍. ഇത്തവണത്തെ ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 17 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണിത്. ധ്രുവ് വിക്രം നായകനാവുന്ന ബൈസണ്‍, പ്രദീപ് രംഗനാഥന്‍ നായകനാവുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവയാണ് കോളിവുഡില്‍ നിന്ന് ദീപാവലിക്ക് എത്തുന്ന മറ്റ് ചിത്രങ്ങള്‍. തേഡ് ഐ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ദേവരാജുലു മാര്‍ക്കണ്ടേയനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Diesel - Official Teaser | Harish Kalyan | Athulyaa | Dhibu Ninan Thomas | Shanmugam Muthusamy