മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2' തീയേറ്ററ്‍ റിലീസ് അല്ല. മറിച്ച് ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഇതിനൊപ്പമാണ് ചിത്രം ഒടിടി റിലീസ് ആണെന്ന വിവരവും അറിയിച്ചിരിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍. 

കൊവിഡ് സാഹചര്യത്തില്‍ പത്ത് മാസത്തോളമായി പൂട്ടിക്കിടക്കുന്ന തീയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ 'ദൃശ്യം 2' പോലെ വലിയ പ്രേക്ഷകപ്രതീക്ഷയുള്ള ഒരു ചിത്രം വരുന്നത് നന്നാവുമെന്നാണ് മലയാള സിനിമാലോകം കണക്കുകൂട്ടിയിരുന്നത്. പക്ഷേ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ തീയേറ്ററുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ സാഹചര്യം മനസിലാക്കിയാവാം ഡയടറക്ട് ഒടിടി റിലീസ് ആയി ചിത്രം എത്തിക്കാനുള്ള നിര്‍മ്മാതാവിന്‍റെ തീരുമാനം.