ദുല്‍ഖറിന്‍റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'.

ദുൽഖർ സൽമാന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. റിലീസിന് തയ്യാറെടുക്കുന്ന കാന്തയുടെ ടീസർ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ ഇപ്പോൾ. നാളെ വൈകുന്നേരം 3 മണിക്കാകും ടീസർ റിലീസ് ചെയ്യും. ടീസർ പ്രഖ്യാപിച്ച് കൊണ്ടുള്ള ​ഗ്ലിംപ്സ് വീഡിയോ ഏറെ ശ്രദ്ധനേടി കഴിഞ്ഞു.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെയറർ ഫിലിംസും ചേർന്നാണ് ഈ ചിത്രത്തെ യാഥാർഥ്യമാക്കി തീർക്കുന്നത്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ , സമുദ്രക്കനി എന്നിവർക്കൊപ്പം റാണ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി എന്നിവരാണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്