ടൊവീനോ തോമസ് നായകനാവുന്ന പുതിയ ചിത്രം 'എടക്കാട് ബറ്റാലിയന്റെ' പുതിയ ടീസര്‍ എത്തി. പട്ടാളക്കാരനാണ് ചിത്രത്തിലെ ടൊവീനോയുടെ നായക കഥാപാത്രം. ആദ്യം പുറത്തെത്തിയ ടീസറില്‍ നായിക സംയുക്താ മേനോനൊപ്പം ടൊവീനോ കഥാപാത്രത്തിന്റെ ലഡാക്കിലെ ദൃശ്യങ്ങള്‍ ആയിരുന്നെങ്കില്‍ പുതിയ ടീസറില്‍ കഥാപാത്രത്തിന്റെ നാട്ടിലെ സീക്വന്‍സുകളാണ്.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് സംവിധാനം. നായിക സംയുക്ത മേനോന്‍. തീവണ്ടി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവീനോയും സംയുക്തയും ഒന്നിക്കുകയാണ് ഈ ചിത്രത്തില്‍. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിസ്, കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്.