ഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ഇരുൾ റിലീസിനൊരുങ്ങുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഏറെ നിഗൂഢതകൾ ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ഫഹദ്, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ തമ്മിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ കൊലപാതകങ്ങൾ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. പിന്നീട് സംഘട്ടനങ്ങളിലേക്കും സസ്പെൻസ് നിറഞ്ഞ രംഗങ്ങളിലേക്കും ട്രെയ്‌ലർ വഴിമാറുന്നുണ്ട്.

കൊവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പ്രധാന ലൊക്കേഷൻ കുട്ടിക്കാനമാണ്. നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് നിര്‍മ്മാണം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ.