സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'രാക്ഷസനി'ലൂടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ലഭിച്ച താരമാണ് വിഷ്‍ണു വിശാല്‍. ഭാഷാഭേദമന്യെ തെന്നിന്ത്യയാകെ സ്വീകാര്യത ലഭിച്ച ചിത്രം വിഷ്‍ണുവിനും വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. അദ്ദേഹത്തിന്‍റേതായി നിരവധി ചിത്രങ്ങള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് ഒരു സര്‍പ്രൈസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അതിലൊരു സിനിമയുടെ അണിയറക്കാര്‍.

മനു ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച്, വിഷ്‍ണു വിശാല്‍ നായകനാവുന്ന 'എഫ്ഐആര്‍' എന്ന ചിത്രത്തിന്‍റെ അണിയറക്കാരാണ് പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുന്നത്. 'ആരാണ് ഇര്‍ഫാന്‍ അഹമ്മദ്?' എന്ന ചോദ്യത്തോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ വിഷ്‍ണു വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് 'ഇര്‍ഫാന്‍ അഹമ്മദ്'.

വിഷ്‍ണുവിനൊപ്പം ഗൗതം വസുദേവ് മേനോന്‍, മാല പാര്‍വ്വതി, മഞ്ജിമ മോഹന്‍, റെയ്‍സ വില്‍സണ്‍, റെബ മോണിക്ക ജോണ്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അരുള്‍ വിന്‍സെന്‍റ്. സംഗീതം അശ്വത്ഥ്. എഡിറ്റിംഗ് പ്രസന്ന ജി കെ. സംഘട്ടന സംവിധാനം സ്റ്റണ്ട് സില്‍വ.