ഹോളിവുഡ്: റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായി എത്തുന്ന പുതിയ ബാറ്റ്മാന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.  മാറ്റ് റീവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂണ്‍ 25, 2021 ല്‍ ചിത്രം പുറത്തിറങ്ങും എന്നാണ് നേരത്തെ അറിയച്ചതെങ്കിലും, പുതിയ ടീസര്‍ ട്രെയിലറില്‍ 2021 എന്ന് മാത്രമേ ഉള്ളൂ, കൃത്യമായ തീയതി പറയുന്നില്ല.

ഹോളിവുഡില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ജോലികള്‍ കൊവിഡ് പ്രതിസന്ധിയാല്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഡിസി  കോമിക്സിന്‍റെ സ്ഥിരം തീം ആയ ഡാര്‍ക്ക് ഷൈഡിലാണ് ബാറ്റ്മാനും ഒരുങ്ങുന്നത് എന്നതാണ് ടീസര്‍ ട്രെയിലര്‍ നല്‍കുന്ന സൂചന. ബാറ്റ്മാന്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. 

നേരത്തെ കഴിഞ്ഞ രണ്ട് സിനിമകളില്‍ ബാറ്റ്മാനായി അവതരിപ്പിച്ച ബെന്‍ അഫ്ലെക്ക് ഈ റോള്‍ വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ബാറ്റ്മാനെ നിയമിക്കാന്‍ സംവിധായകന്‍ മാറ്റ് റീവിസിന് വാര്‍ണര്‍ ബ്രദേഴ്സ് അനുമതി നല്‍കിയത്. ട്വിന്‍ലൈറ്റ് പടങ്ങളിലെ ഹീറോയായി ശ്രദ്ധേയനായ താരമാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. 32 വയസാണ് ഇദ്ദേഹത്തിന്.

നേരത്തെ ബാറ്റ്മാന്‍ v സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ പടങ്ങളുടെ നിരാശജനകമായ പ്രകടനത്തിന് ശേഷം ബാറ്റമാനെ മാറ്റി പരീക്ഷിക്കുന്നു എന്ന വാര്‍ത്ത സജീവമായിരുന്നു. ലോകത്ത് എങ്ങും ആരാധകരെ സൃഷ്ടിച്ച ട്വിന്‍ലിറ്റ് പരമ്പരയിലെ നായകനായിരുന്നു. പ്ലാനറ്റ് എപ്സ് ചലച്ചിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാറ്റ് റീവിസ്.