കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കേണ്ടിവന്ന സിനിമകളുടെ കൂട്ടത്തിലാണ് പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹവും. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രത്തില്‍ (100 കോടി) മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അഞ്ച് ഭാഷകളില്‍ ആഗോളതലത്തില്‍ റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം കൊവിഡ് ഭീതി പൂര്‍ണ്ണമായും ഒഴിയാതെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആവില്ല. അതേസമയം ഇപ്പോഴിതാ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം പ്രേക്ഷകരിലേക്ക് കഴിഞ്ഞ ദിവസം എത്തി. 

നാല് പ്രമുഖ സംവിധായകര്‍ ഒന്നിക്കുന്ന ഹിന്ദി ചലച്ചിത്ര സമുച്ചയം 'ഫോര്‍ബിഡന്‍ ലവി'ലാണ് പ്രിയദര്‍ശനും ഒരു ലഘുചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയദര്‍ശന് പുറമെ പ്രദീപ് സര്‍ക്കാര്‍, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജ്‍രേക്കര്‍ എന്നിവരാണ് സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രം. സിനിമയുടെ സ്ട്രീമിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 'രംഗ്‍രേസ്' ആണ് പ്രിയദര്‍ശന്‍റെ അവസാനത്തെ ബോളിവുഡ് തീയേറ്റര്‍ റിലീസ്. ഹംഗാമയുടെ രണ്ടാംഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട് അദ്ദേഹം.