ക്രിക്കറ്റര്‍ എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും അഭിനേതാവ് എന്ന നിലയില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട് ഹര്‍ഭജന്‍ സിംഗ്. ഏതാനും ബോളിവുഡ്, പഞ്ചാബി സിനിമകളില്‍ അദ്ദേഹം മുന്‍പ് അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം നിര്‍മ്മാണഘട്ടത്തിലുമാണ്. ബിഗ് ബോസ് താരം ലോസ്‍ലിയയ്ക്കും തമിഴ് താരം അര്‍ജ്ജുനുമൊപ്പം ഹര്‍ഭജന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പേര് 'ഫ്രണ്ട്ഷിപ്പ്' എന്നാണ്. ലോക സൗഹൃദ ദിനമായ ഇന്ന് ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ചെറു വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.

ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹര്‍ഭജന്‍ എന്ന അഭിനേതാവിനെ കാണാം. തമിഴിനു പുറമെ ഹിന്ദിയിലും തെലുങ്കിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം ഡി എം ഉദയകുമാര്‍. നേരത്തെ മുഛെ ഷാദി കരോഗി (2004) എന്ന ബോളിവുഡ് ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ് എന്ന ഹിന്ദി ചിത്രത്തില്‍ (2015) അതിഥിവേഷത്തിലും ഹര്‍ഭജന്‍ എത്തി. 2013ല്‍ എത്തിയ ഭാജി ഇന്‍ പ്രോബ്ലം എന്ന ചിത്രത്തിലൂടെ പഞ്ചാബി സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു.