ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ നാഗേഷ് കുക്കുനൂറിന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. തെലുങ്കിനൊപ്പം മലയാളം, തമിഴ് ഭാഷകളിലുമെത്തുന്ന ചിത്രത്തിന്‍റെ പേര് 'ഗുഡ് ലക്ക് സഖി' എന്നാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കീര്‍ത്തു സുരേഷ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. നിര്‍മ്മാണം സുധീര്‍ ചന്ദ്ര പാദിരി. ബോളിവുഡിലെ സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന സംവിധായകനാണ് നാഗേഷ് കുക്കുനൂര്‍. നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ അദ്ദേഹത്തിന് രണ്ട് തവണ ദേശീയ പുരസ്കാരവും ലഭിച്ചു, ഇഖ്ബാല്‍, ധനക് എന്നീ സിനിമകള്‍ക്ക്. ഗുഡ് ലക്ക് സഖി സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. അതേസമയം തമിഴിലും തെലുങ്കിലും കൂടുതല്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് കീര്‍ത്തി സുരേഷ്. തമിഴ് ചിത്രം പെന്‍ഗ്വിന്‍ ആണ് കീര്‍ത്തിയുടെ അവസാനമെത്തിയ റിലീസ്. ആമസോണ്‍ പ്രൈം ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു ചിത്രം.