ജാന്‍വി കപൂര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ചിത്രം 'ഗുന്‍ജന്‍ സക്സേന: ദി കാര്‍ഗില്‍ ഗേളി'ന്‍റെ ട്രെയിലര്‍ പുറത്തെത്തി. യുദ്ധമുഖത്ത് ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റ് ആയിരുന്ന ഫ്ലൈറ്റ് ലഫ്റ്റനന്‍റ് ഗുന്‍ജന്‍ സക്സേനയുടെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരണ്‍ ശര്‍മ്മയാണ്. അംഗദ് ബേദി, വിനീത് കുമാര്‍, മാനവ് വിജ്, അയേഷ റാസ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു.

പൈലറ്റ് ആവണമെന്ന് കൗമാരകാലം മുതലേ ആഗ്രഹം കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയെയും ഇന്ത്യയില്‍ (അക്കാലത്ത്) പുരുഷന്മാര്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന മേഖലയിലേക്ക് ആദ്യമായെത്തുന്നതിന്‍റെ പ്രതിസന്ധികള്‍ നേരിടുന്ന വനിതാ പൈലറ്റിനെയും ട്രെയിലറില്‍ കാണാം. ധഡക് എന്ന ചിത്രത്തിലൂടെ 2018ല്‍ സിനിമാ അരങ്ങേറ്റം കുറിച്ച ജാന്‍വി കപൂറിന്‍റെ ആദ്യ പ്രധാന വേഷമാണിത്. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഈ മാസം 12ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.