കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമെന്ന് ശ്ലാഘിക്കപ്പെട്ട 'സുഡാനി ഫ്രം നൈജീരിയ'ക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്റ്റോറി'യുടെ ടീസര്‍ എത്തി. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി ഡയറക്ട് റിലീസായി എത്തുന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ടീസറിന്.

ആഷിക് അബു, ജെസ്‍ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന സക്കറിയയും മുഹ്‍സിന്‍ പരാരിയും ചേര്‍ന്നാണ്. ഛായാഗ്രഹണം അജയ് മേനോന്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. സക്കറിയയുടെ രണ്ടാമത്തെ ചിത്രമാണിത്. കൊവിഡ് കാലത്ത് ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്ന നാലാമത്തെ ചിത്രവുമാണ് ഹലാല്‍ ലവ് സ്റ്റോറി. സൂഫിയും സുജാതയും, മണിയറയിലെ അശോകന്‍, സി യു സൂണ്‍ എന്നിവയാണ് മലയാളത്തിലെ മുന്‍ ഒടിടി ഡയറക്ട് റിലീസ് ചിത്രങ്ങള്‍.