ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നത്. ഓണം റിലീസ് ആണ് ചിത്രം

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് 28 ന് ആണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസര്‍ അടക്കമുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ സമീപകാലത്ത് കാണാത്ത ഒരു മോഹന്‍ലാലിനെ കാണാം. ചിത്രം ഒരു ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്നും ട്രെയ്‍ലര്‍ സൂചിപ്പിക്കുന്നു.

ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ.

ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.

Hridayapoorvam Official Trailer | Mohanlal | Sathyan Anthikad | Antony Perumbavoor | Aug 28 Release