പി ജി റസിഡന്റ് 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഫ്രെയ്‍മുകളില്‍ നിഗൂഢതയുണര്‍ത്തി, ചിത്രം ഏത് തരത്തിലുള്ളതായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമായൊരു ധാരണ തരുന്നതാണ് പുറത്തെത്തിയ 1.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഭാവനയാണ് നായിക. 

മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തില്‍ പി ജി റസിഡന്റ് 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അതിഥി രവിയുടെ 'ഡോ. സാറ' ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി ഉർവ്വശി തീയേറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിന്റെ രചന നിഖിൽ എസ് ആനന്ദാണ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം ബോബൻ, മേക്കപ്പ് പി വി ശങ്കർ, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഹരി തിരുമല. മോഹന്‍ലാല്‍ നായകനായ എലോണിന് ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്.

ALSO READ : 'ജവാന്‍' റിലീസിന് മുന്‍പ് ഒരൊറ്റ സ്പോയ്‍ലര്‍ പറയാമോ എന്ന് ആരാധകന്‍; അക്കാര്യം ശ്രദ്ധിക്കണമെന്ന് ഷാരൂഖ് ഖാന്‍

Hunt Official Trailer | Shaji Kailas | Bhavana | Aditi Ravi | Rahul Madhav | Renji Panicker | Nandu