ബി.ടെക് എന്ന ആസിഫ് അലി ചിത്രം ഒരുക്കി ശ്രദ്ധ നേടിയ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന വെബ് സിരീസ് ആണ് 'ഇന്‍സ്റ്റഗ്രാമം'. സിരീസിന്‍റെ ടീസര്‍ പുറത്തെത്തി. ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ, റാപ്പര്‍ ബാദ്‍ഷ എന്നിവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും മലയാളത്തില്‍ നിന്ന് ആഷിക് അബു, ദിലീപ്, ആസിഫ് അലി, അജു വര്‍ഗീസ് തുടങ്ങിയ നിരവധി പ്രമുഖരുടെ ഫേസ്ബുക്ക് പേജുകള്‍ വഴിയുമാണ് ടീസര്‍ പുറത്തിറക്കിയത്.

മലയാളത്തിലെ യുവതാരനിരയില്‍ ഉള്‍പ്പെട്ട ഒട്ടേറെപ്പേര്‍ സിരീസില്‍ അഭിനയിച്ചിട്ടുണ്ട്. ദീപക് പറമ്പോല്‍, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ഗണപതി, സുധീഷ് സുധി, സാബുമോന്‍ അബ്ദുസമദ്, അലന്‍സിയര്‍, ഗായത്രി അശോക്, ജിലു ജോസഫ്, അംബിക റാവു, കൊളപ്പുള്ളി ലീല തുടങ്ങിയവര്‍ക്കൊപ്പം ബിഗ് ബോസ് താരം അലസാന്‍ഡ്ര ജോണ്‍സണും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരങ്ങളായി സണ്ണി വെയ്‍നും ശ്രിന്ധയും സാനിയ ഇയ്യപ്പനും അടക്കമുള്ളവരും എത്തുന്നു.

ജെ രാമകൃഷ്‍ണ കുളൂരും മൃദുല്‍ നായരും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം അരുണ്‍ ജെയിംസ്, പവി കെ പവന്‍, ധനേഷ് രവീന്ദ്രനാഥ് എന്നിവര്‍. എഡിറ്റിംഗ് മനോജ് കുന്നോത്ത്. സംഗീതം യക്‍സന്‍ ഗാരി പെരേര, നേഹ നായര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ താരിഖ് നൗഷാദ്. ഡോ. ലീന എസ് ആണ് നിര്‍മ്മാണം.