ജയറാം നായകനാവുന്ന സംസ്‍കൃത ചിത്രം 'നമോ'യുടെ ട്രെയ്‍ലര്‍ പുറത്തുവിട്ട് തെലുങ്ക് താരം ചിരഞ്ജീവി. ചിത്രത്തിലെ ജയറാമിന്‍റെ പ്രകടനം മാസ്‍മരികമായി തോന്നിയെന്നും ആസ്വാദകര്‍ ഇത് ഏറ്റെടുക്കുമെന്നും ട്രെയ്‍ലര്‍ പുറത്തുവിട്ടുകൊണ്ട് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിനുവേണ്ടി ജയറാം നടത്തിയ മേക്ക്ഓവറിനെയും പ്രശംസിച്ച ചിരഞ്ജീവി ഇതിലെ കഥാപാത്രം പുരസ്‍കാരങ്ങള്‍ നേടിക്കൊടുക്കുമെന്നും ആശംസിച്ചു.

പുരാണത്തിലെ കൃഷ്‍ണ-കുചേല കഥയാണ് ചിത്രം ആവിഷ്‍കരിക്കുന്നത്. കുചേലന്‍റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കഥാപാത്രത്തിനു വേണ്ടി 20 കിലോ ശരീരഭാരം കുറച്ചിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് വിജീഷ് മണിയാണ്. തിരക്കഥ യു പ്രസന്നകുമാര്‍, എസ് എന്‍ മഹേഷ് ബാബു എന്നിവര്‍. ഛായാഗ്രഹണം എസ് ലോകനാഥന്‍. എഡിറ്റിംഗ് ബി ലെനിന്‍. സംഗീതം അനൂപ് ജലോട്ട. സൻകാർ ദേശായി, മമനയൻ,  പ്രകാശ്, മഹിന്ദർ റെഡി, കൃഷ്ണ ഗോവിന്ദ്, അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി തുടങ്ങിയവർ അഭിനയിച്ചിരിക്കന്നു. നിര്‍മ്മാണം അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.