പ്രേക്ഷകശ്രദ്ധ നേടിയ 'ക്യാപ്റ്റന്‍' എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രമാണ് 'വെള്ളം'. ജയസൂര്യയുടെ പിറന്നാള്‍ ദിനവും തിരുവോണവും ഒന്നിച്ചെത്തിയ വേളയില്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തിറക്കിയത്.

പേര് സൂചിപ്പിക്കുന്നത് പോലെ മദ്യാസക്തിയുള്ള മുരളി എന്നയാളുടെ കഥയാണ് സിനിമ പറയുന്നത്. വെള്ളം- ദി എസന്‍ഷ്യല്‍ ഡ്രിങ്ക് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. സംയുക്ത മേനോനാണ്  നായികയാവുന്നത്. ഫ്രണ്ട്‍ലി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ബിജിബാല്‍ ആണ്. ഛായാഗ്രഹണം റോബി വര്‍ഗീസ്. വിജീഷ് വിശ്വം, ഷംസുദ്ദീന്‍ കുട്ടോത്ത് എന്നിവരാണ് സഹരചന. എഡിറ്റിംഗ് ബിജിത്ത് ബാല. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍. പിആര്‍ഒ എ എസ് ദിനേശ്.