ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‍ത പുതിയ ചിത്രം 'ജോജി'യുടെ ആദ്യ ടീസര്‍ പുറത്തെത്തി. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം എത്തുക. ഏപ്രില്‍ 7നാണ് റിലീസ്. 'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്യുന്ന മലയാളചിത്രവുമാണ് ഇത്.

ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് 'ജോജി' ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എഡിറ്റിംഗ് കിരണ്‍ ദാസ്. കോ ഡയറക്ടേഴ്സ് റോയ്, സഹീദ് അറഫാത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ഡിഐ പ്രൊഡ്യൂസര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം മഷര്‍ ഹംസ. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് വിഷ്‍ണു തണ്ടാശ്ശേരി. ഡിസൈന്‍ യെല്ലോടീത്ത്‍സ്. ഡിഐ കളറിസ്റ്റ് രമേഷ് സി പി. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.