ഹോളിവുഡ്: 2017ല്‍ പുറത്തിറങ്ങിയ ചിത്രം ജസ്റ്റിസ് ലീഗിന്‍റെ പുതിയ പതിപ്പിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഓണ്‍ലൈനായി റിലീസ് ചെയ്യുന്ന ചിത്രം എച്ച്ബിഒ മാക്സിലൂടൊണ് 2021 ല്‍ റീലീസ് ചെയ്യുക. 2017 ല്‍ ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനായിരുന്നു സാക്ക് സ്നൈഡര്‍ ചിത്രത്തിന്‍റെ പിന്നണിയില്‍ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേളയില്‍ പിന്‍മാറിയിരുന്നു.

മകളുടെ മരണത്തെ തുടര്‍ന്നാണ് ഇത്. പിന്നീട് മുന്‍പ് മാര്‍വല്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജോസ് വീഹ്ഡണ്‍ ആണ് ചിത്രത്തിന്‍റെ സംവിധാന ജോലികള്‍ ഏറ്റെടുത്തത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കി. സാക്ക് സ്നൈഡര്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ പലതും ജോസ് ഉപയോഗിച്ചില്ലെന്ന പരാതി ഉയര്‍ന്നു. സാക്ക് സ്നൈഡര്‍ തന്നെ ചിത്രത്തിന്‍റെ അവസാന കട്ടില്‍ അതൃപ്തിപ്രകടിപ്പിച്ചെന്നും വാര്‍ത്തയുണ്ടായി.

ഇതിനെല്ലാം പുറമേ ചിത്രം തീയറ്ററിലും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇതോടെയാണ് ഡിസി സിനിമ പ്രേമികള്‍ ഈ ചിത്രത്തിന് സ്നൈഡര്‍ കട്ട് വേണമെന്ന ആവശ്യം ഓണ്‍ലൈന്‍ ക്യാംപെയിനായി ഉയര്‍ത്തിയത്. മൂന്ന് വര്‍ഷത്തോളം ഈ ക്യാംപെയിന് ഒരു വിലയും നല്‍കാതിരുന്ന നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രേദേഴ്സും, ഡിസി ഫിലിംസും ഒടുക്കം ഈ വര്‍ഷം ആദ്യം അത് സമ്മതിച്ചു. സ്നൈഡര്‍ തന്നെ ഇത് പ്രഖ്യാപിച്ചു. 

2021 ല്‍ ഓണ്‍ലൈന്‍ റിലീസായി എത്തുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ രംഗങ്ങളും കഥാസന്ദര്‍ഭങ്ങളും സാക്ക് സ്നൈഡറിന്‍റെ ജസ്റ്റിസ് ലീഗില്‍ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഗ്രാഫിക്സിലും, പാശ്ചാത്തല സംഗീതത്തിലും, ഡബ്ബിംഗിലും മറ്റും വലിയ മാറ്റങ്ങളായിരിക്കും സാക്ക് സ്നൈഡര്‍ കൊണ്ടുവരുക എന്നാണ് സൂചന.