"കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ് ഇവര്‍ മൂന്നുപേരുമാണ് എന്‍റെ ഹീറോസ്..", പൃഥ്വിരാജിനെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഡയലോഗ് ആയിരുന്നു ഇത്. പൃഥ്വിയുടെ നായക കഥാപാത്രമായ ഡേവിഡ് എബ്രഹാം ഐപിഎസ് പറഞ്ഞ സംഭാഷണം. ഇപ്പോഴിതാ ഈ ഡയലോഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പേരുമായി ഒരു സിനിമ എത്തുകയാണ്. 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരത് ജി മോഹന്‍ ആണ്. സിനിമയുടെ ടീസര്‍ കേരളപ്പിറവി ദിനത്തില്‍ പൃഥ്വിരാജ് തന്നെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ധീരജ് ഡെന്നിയിം ആദ്യ പ്രസാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യു, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ് രാജ്, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ,  നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി, മോളി കണ്ണമാലി, രശ്മി ബോബൻ,ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് റെക്സണ്‍ ജോസഫ്. ഫസ്റ്റ് പേജ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് ആണ് നിര്‍മ്മാണം.