'പരിയേറും പെരുമാള്‍' എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതീയതയുടെ തീക്ഷ്‍ണ രാഷ്ട്രീയം പറഞ്ഞ ചിത്രം ഒട്ടേറെ പുരസ്‍കാരങ്ങളും നേടിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ധനുഷ് നായകനാവുന്ന മാരി സെല്‍വരാജിന്‍റെ പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിതാ ധനുഷിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്കും മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ സെറ്റും ധനുഷിന്‍റെ ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ലുക്കും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്. ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേരാണ് ടൈറ്റിലിന്. മലയാളത്തില്‍ നിന്ന് രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. സംഗീതം സന്തോഷ് നാരായണന്‍. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം.