കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് 'ലവ്'. മമ്മൂട്ടി നായകനായ 'ഉണ്ട'യ്ക്കുശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് നായികാനായകന്മാരാവുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

ഔട്ട്ഡോര്‍ ചിത്രീകരണത്തിന് തടസ്സങ്ങളുള്ള കൊവിഡ് കാലത്ത് ഇന്‍ഡോര്‍ രംഗങ്ങളില്‍ ഒരുക്കിയ ഒരു ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണിതെന്ന് ട്രെയ്‍ലര്‍ പറയുന്നു. രജിഷയുടെയും ഷൈനിന്‍റെയും കഥാപാത്രനിര്‍മ്മിതിയും പ്രകടനവും കൗതുകമുണര്‍ത്തുന്നവയാണ് ട്രെയ്‍ലറില്‍ കണ്ടിടത്തോളം. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. തീയേറ്റര്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ചിത്രം ഡയറക്ട് ഒടിടി റിലീസ് ആണോ എന്ന കാര്യം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.