മലയാളത്തില്‍ ഒരു സൂപ്പര്‍താര സിനിമ ടെലിവിഷനിലൂടെ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയുമായി എത്തുന്ന ചിത്രമാണ് ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്. തിരുവോണദിനത്തില്‍ വൈകിട്ട് മൂന്നിന് ഏഷ്യാനെറ്റിലാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തെത്തി.

ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക. നേരത്തേ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. രാംഷി അഹമ്മദ്, ആന്‍റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു.