ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍ 1989-ല്‍ പുറത്തിറങ്ങിയ കിരീടം 37 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു
റിലീസ് ചെയ്ത് കാലങ്ങള്‍ക്കിപ്പുറവും മലയാളി മറക്കാത്ത ചില സിനിമകളും കഥാപാത്രങ്ങളുമുണ്ട്. അതിലൊന്നാണ് കിരീടവും മോഹന്‍ലാലിന്‍റെ സേതുമാധവന്‍ എന്ന നായകനും. മലയാളത്തിന്‍റെ തിരശ്ശീലയിലെ എക്കാലത്തെയും ട്രാജിക് സിനിമകളിലൊന്ന്. എന്നാല്‍ ഏതൊരാള്‍ക്കും അത്രത്തോളം ഐഡന്‍റിഫൈ ചെയ്യാന്‍ സാധിക്കുന്ന പശ്ചാത്തലവും കഥാസാഹചര്യങ്ങളും. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച സിനിമകള്‍ സമ്മാനിച്ച ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന കിരീടം 1989 ലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത റെസ്റ്റൊറേഷന്‍ മികവോടെയാണ് കിരീടം വീണ്ടും എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. റീ റിലീസിനോടനുബന്ധിച്ചുള്ള ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്.
കൊച്ചിയില്‍ ചിത്രത്തിന്‍റെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അടക്കം പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. നാഷണല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ 4 കെ റെസ്റ്റൊറേഷന്‍ നിര്‍വ്വഹിച്ചത്. മലയാളത്തിലെ പല പ്രധാന സിനിമകളുടെയും നല്ല പ്രിന്‍റുകള്‍ കൈമോശം വന്നിട്ടുണ്ട്. കിലുക്കം അടക്കമുള്ള ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ വരും. ചടങ്ങില്‍ സംസാരിച്ച മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിച്ചു. അത്തവണത്തെ ദേശീയ അവാര്‍ഡില്‍ മോഹന്‍ലാലിന് സ്പെഷല്‍ മെന്‍ഷന്‍ ലഭിച്ചിരുന്നു. ഒരു പ്രിന്‍റ് എന്‍എഫ്ഡിസിയിലേക്ക് പോയതിന്‍റെ കാരണം അതായിരിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളികള്‍ ഇതുവരെ കണ്ട റീ റിലീസുകളെയൊക്കെ കവച്ചുവെക്കുന്ന തരത്തിലുള്ള റെസ്റ്റൊറേഷനാണ് കിരീടത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തെത്തിയ ട്രെയ്‍ലര്‍ നമ്മോട് പറയുന്നത്.
സിബി മലയിലിന്‍റെയും ലോഹിതദാസിന്‍റെയും മോഹന്‍ലാലിന്‍റെയുമൊക്കെ കരിയറുകളില്‍ ഏറ്റവും വൈകാരികത നിറഞ്ഞ ചിത്രങ്ങളിലൊന്നാണ് കിരീടം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൗര്‍ഭാഗ്യവാനായ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സേതുമാധവന്‍. മകനെ ഒരു എസ് ഐ ആയി കാണണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. എന്നാല്‍ ജോലിയില്‍ എപ്പോഴും ആത്മാര്‍ഥത കാണിക്കുന്ന അച്യുതന്‍ നായര്‍ക്ക് അക്കാരണം കൊണ്ടുതന്നെ കിട്ടുന്ന ഒരു ട്രാന്‍സ്ഫര്‍ അയാളുടെയും കുടുംബത്തിന്‍റെയും മുന്നോട്ടുള്ള ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നു. എസ് ഐ ആകേണ്ട മകന്‍ അവസാനം നാട്ടുകാര്‍ പേടിക്കുന്ന ഒരു ഗുണ്ടയുടെ മുള്‍ക്കിരീടം അണിയേണ്ടി വരികയാണ്. അച്യുതന്‍ നായരായി തിലകനാണ് എത്തിയത്. മോഹന്‍ലാലും തിലകനും ചേര്‍ന്ന അച്ഛന്‍- മകന്‍ കോമ്പിനേഷന്‍ ആയിരുന്നു ചിത്രത്തിന്‍റെ ആത്മാവ്. അടുത്ത മാസമാവും ചിത്രം തിയറ്ററുകളില്‍ എത്തുക.

